ആവിക്കലിലെ സംഘർഷം: 125 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ആവിക്കലിൽ ഇന്നലെ പൊലീസും സമരസമിതി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 125 പേർക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിന് 50 പേർക്കെതിരെയും പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, അന്യായമായി സംഘം ചേർന്നു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 75 പേർക്കെതിരെയുമാണ് കേസ്.
നാലു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കും സമരസമിതി പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, കേസ് വകവെക്കാതെ സമരവുമായി മുന്നോട്ടുപോകുമെന്ന് മാലിന്യപ്ലാന്‍റ് വിരുദ്ധ സമരസമിതി അറിയിച്ചു.
മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്നവരെ മാത്രം വിളിച്ചു ചേർത്ത് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ജനസഭ ചേർന്നതാണ് ഇന്നലെ സംഘർഷത്തിനു കാരണമായത്. സെക്കുലർ വോയ്സ് വെള്ളയിൽ എന്ന പേരിൽ സി.പി.എമ്മുകാരാണ് ജനസഭ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സഭയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരെ കടക്കാൻ അനുവദിക്കാതെ ടോക്കൺ കൊടുത്ത് പ്ലാന്റ് അനുകൂലികളെ മാത്രം പ്രവേശിപ്പിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ഇതോടെ പ്ലാന്റിന് അനുകൂലമായ അഭിപ്രായം രൂപവത്കരിക്കുകയാണെന്നാരോപിച്ച് സമരക്കാർ സ്കൂളിനു പുറത്ത് വെള്ളയിൽ ഹാർബറിനു മുന്നിലെ റോഡിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. അതിനിടയിൽ രണ്ടുപേരെ പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റിയപ്പോൾ സമരക്കാർ വാഹനം തടഞ്ഞു. ഇവർക്കു നേരെ പൊലീസ് ലാത്തി പ്രയോഗിച്ച് ഓടിച്ചു. സമരക്കാരും പൊലീസും പലവട്ടം കൊമ്പുകോർത്തു. തീരദേശ പാതയിൽ ടയർ കത്തിച്ച് സമരക്കാർ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു.
കസ്റ്റഡിയിലെടുത്തവരെ എവിടെ കൊണ്ടുപോയെന്ന ചോദ്യത്തിന് അസി. കമീഷണർ പി. ബിജുരാജ് അറിയില്ലെന്നു മറുപടി പറഞ്ഞത് നേതാക്കന്മാരെ പ്രകോപിപ്പിച്ചു. വൈകുന്നേരം നാലു മണിക്ക് തുടങ്ങിയ സംഘർഷത്തിന് ആറരയോടെയാണ് അയവുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.