മൃഗാശുപത്രിക്ക് മുന്നിലെ പ്രതിഷേധം: വി.ഡി. സതീശൻ അടക്കം 25 പേർക്കെതിരെ കേസ്
text_fieldsകോട്ടയം: പാർട്ട് ടൈം സ്വീപ്പറായ സതിയമ്മയെ പിരിച്ചുവിട്ടതിനെച്ചൊല്ലി പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അടക്കം 25 കോൺഗ്രസ് നേതാക്കൾക്കെതിരെ ഈസ്റ്റ് പൊലീസ് സ്വമേധയ കേസെടുത്തു.
വി.ഡി. സതീശനുപുറമെ എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാട്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ബെറ്റി തോമസ്, മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ് ലത, കോട്ടയം നഗരസഭ കൗൺസിലർ ബിന്ദു സന്തോഷ് കുമാർ, വിജയപുരം പഞ്ചായത്ത് അംഗം സിസി ബോബി, യു.ഡി.എഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, രാഹുൽ മാങ്കൂട്ടത്തിൽ, കുഞ്ഞ് ഇല്ലംപള്ളി, ജെജി പാലയ്ക്കലോടി, കണ്ടാലറിയാവുന്ന ഒമ്പത് കോൺഗ്രസ് പ്രവർത്തകർ എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ 22നാണ് തന്നെ പിരിച്ചുവിട്ടതിനെതിരെ സതിയമ്മ ഭർത്താവ് രാധാകൃഷ്ണനൊപ്പം മൃഗാശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായെത്തിയതായിരുന്നു നേതാക്കൾ. കോമ്പൗണ്ടിനുള്ളിൽ അന്യായമായി കടന്ന് സംഘം ചേർന്ന് മുദ്രാവാക്യം വിളിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നതാണ് കുറ്റം.
ഐശ്വര്യ കുടുംബശ്രീ മുൻ അംഗം ലിജിമോളുടെ പരാതിയിൽ സതിയമ്മ, കുടുംബശ്രീ പ്രസിഡന്റ് സുധ മോൾ, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസി. ഫീൽഡ് ഓഫിസർ ബിനുമോൻ എന്നിവർക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നേരത്തേ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.