പിടിതരാതെ കടുവ; കുറക്കൻമൂലയിൽ കാൽപ്പാടുകൾ
text_fieldsമാനന്തവാടി: കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി. ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
തിരച്ചിലിനായി ശനിയാഴ്ച രാവിലെ വനപാലകര്‍ കാട്ടിലേക്ക് കടന്നു. കാല്‍പ്പാടുകള്‍ക്ക് അധികം പഴക്കമില്ലെന്നും പകല്‍ സമയത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പയ്യമ്പള്ളി, കൊയിലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഭീതികാരണം പലരും ജോലിക്കു പോയിട്ടില്ല. വീടിനു പുറത്തിറങ്ങാനും ഭയക്കുകയാണ്. മൂന്നാഴ്ചയാകുമ്പോഴും കടുവയെ പിടികൂടാനാകാത്തിൽ പ്രതിഷേധം ശക്തമാണ്.
ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടുന്നതിനും നിരീക്ഷിക്കുന്നതിനുമായി സ്ഥാപിച്ച കൂടുകളും കാമറകളും മാറ്റി സ്ഥാപിക്കും. അതേസമയം, വനപാലകർക്കെതിരെ പ്രതിഷേധിച്ച മാനന്തവാടി നഗരസഭ കൗൺസിലർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരണം പൊലീസ് കേസെടുത്തു. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ്ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായിരുന്നു. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്‍റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കടുവയെ കണ്ട കാര്യം വിളിച്ചറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്താൻ വൈകിയതിനെ ചോദ്യം ചെയ്തതോടെയാണ് വനപാലകരും സ്ഥലം കൗൺസിലർ കൂടിയായ വിപിൻ വേണുഗോപാലടക്കമുള്ള പ്രദേശവാസികളും തമ്മിൽ വാക്കേറ്റമുണ്ടായത്. അതേസമയം, വനം വകുപ്പിന്‍റെ നടപടികൾ കാര്യക്ഷമമല്ലെന്ന് പരാതിയുന്നയിച്ച നാട്ടുകാർക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ കത്തിയെടുക്കാൻ ശ്രമിച്ചതിൽ നടപടിയില്ലാത്തതിനാൽ പ്രതിഷേധം ശക്തമാണ്. കടുവയെ പിടികൂടാൻ ചുമതലയുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് കാത്തിയൂരാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.