ആയിഷ സുൽത്താനക്കെതിരായ കേസ്: അന്വേഷണസംഘം പൃഥ്വിരാജിനെയും മേജർ രവിയെയും വിളിച്ചു
text_fieldsകൊച്ചി: സിനിമ പ്രവർത്തക ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ സംവിധായകൻ മേജർ രവിയെയും നടൻ പൃഥ്വിരാജിനെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു.
കേരളത്തിലെത്തിയ കവരത്തി പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസമാണ് ഇരുവരെയും ബന്ധപ്പെട്ടത്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ബന്ധപ്പെട്ടതെന്ന് സൂചനയുണ്ട്.
താൻ ചീഫ് എഡിറ്റർ ആയ 'മലനാട് ന്യൂസി'നുവേണ്ടി മേജർ രവി നേരിട്ട് ആയിഷയെ വിളിച്ച് അഭിമുഖം എടുത്തിരുന്നു. ബയോവെപൺ (ജൈവായുധം) എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം ആയിഷയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് മേജർ രവിയെ വിളിച്ചത്. ആയിഷയുമായി സംസാരിച്ചത് എന്തായിരുന്നു, മലനാട് ന്യൂസിൽ നൽകിയ വാർത്ത എന്താണ് എന്നീ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. ഈ വാർത്തയുടെ ലിങ്ക് വാങ്ങുകയും ചെയ്തു.
അതേസമയം, ആയിഷയുടെ മാതാവ് ഹൗവ്വയെ വിഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് കവരത്തിയിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കവരത്തി എസ്.ഐ അമീർ ബിൻ മുഹമ്മദിന് പരിക്കേറ്റിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്യൽ വിഡിയോ കോൺഫറൻസ് വഴിയാക്കാൻ തീരുമാനിച്ചത്. ചികിത്സയിൽ കഴിയുന്ന സഹോദരനോടൊപ്പം മംഗളൂരുവിലാണ് ആയിഷയുടെ മാതാവ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.