അശ്ലീല പരാമർശം നടത്തിയ യൂട്യൂബർക്ക് മർദനം: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനൽ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി. നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്.
കവർച്ചശ്രമം, അസഭ്യം പറയൽ, അതിക്രമിച്ചു കയറുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് നായർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പൊലീസ് ചുമത്തിയിട്ടുണ്ട്.
ശനിയാഴ്ചയാണ് സ്ത്രീകൾക്കെതിരെ അശ്ലീല പരാർശം നടത്തിയ വിജയ് നായരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരി അമ്മൻ കോവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഇയാളുടെ ദേഹത്ത് മഷി പ്രയോഗം നടത്തിയ സംഘം പരസ്യമായി മാപ്പുപറയിപ്പിച്ച ശേഷമാണ് മടങ്ങിയത്.
ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിനു മുന്നിൽ ഹാജരാക്കാനായി ഇവർ മുറിയിൽ നിന്ന് കൈക്കലാക്കി. ഇതിനാണ് മോഷണശ്രമത്തിനുള്ള വകുപ്പ് ചുമത്തിയത്. വിജയ് നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന സംശയം പൊലീസിനുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റിയില്‍നിന്ന് സൈക്കോളജിയില്‍ ഒാണററി ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഇദ്ദേഹത്തിെൻറ അവകാശവാദം.
ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റിലേക്കും തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കും കേരള മഹിള സംഘം മാർച്ച് നടത്തി. സി.പി.ഐ നേതാവും തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാറിെൻറയും സംസ്ഥാന സെക്രട്ടറി പി. വസന്തത്തിെൻറയും നേതൃത്വത്തിലായിരുന്നു മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.