സ്വത്തിനുവേണ്ടി അമ്മയെ മർദിച്ച മക്കള്‍ക്കെതിരെ കേസ്
text_fieldsപെരിങ്ങോം: സ്വത്തിനുവേണ്ടി അമ്മയെ മർദിച്ച മക്കൾക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. മാതമംഗലം പേരൂലിലെ പലേരി വീട്ടില്‍ മീനാക്ഷിയമ്മയാണ് (93) മക്കളുടെ മർദനത്തിനിരയായത്. നേരത്തേ മരിച്ച സഹോദരിയുടെ സ്വത്തുകൂടി തങ്ങള്‍ക്കു വീതംവെച്ചുതരണമെന്നാവശ്യപ്പെട്ടാണ് മക്കള്‍ അമ്മയെ മര്‍ദിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ 14ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഇളയമകന് മോഹനെൻറ പേരൂലിലെ വീട്ടിലാണ് മീനാക്ഷിയമ്മ താമസിക്കുന്നത്. 10 മക്കളുള്ള മീനാക്ഷിയമ്മയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. പെണ്മക്കളില് ഒരാളായ ഓമന അഞ്ചു വര്‍ഷംമുമ്പ് മരിച്ചതോടെ ഇവരുടെ പേരിലുള്ള 25 സെൻറ് സ്ഥലം മീനാക്ഷിയമ്മ കൈവശംവെച്ചുവരുകയായിരുന്നു.
ഈ സ്വത്ത് തങ്ങള്‍ക്ക് വീതംവെച്ചുനല്കണമെന്നാവശ്യപ്പെട്ട് മോഹനന് സ്ഥലത്തില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി മീനാക്ഷിയമ്മയുടെ മറ്റു മക്കളായ രവീന്ദ്രന്, സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ അമ്മയെ മർദിക്കുകയും ചില രേഖകളില്‍ ബലമായി ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചതായും കാണിച്ച് മോഹനെൻറ ഭാര്യ സി.വി. ഷീജയാണ് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയത്. മർദനമേറ്റ മീനാക്ഷിയമ്മ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവം വിവാദമായതോടെ സാമൂഹികനീതി ഓഫിസര്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്.ഡി.ഒയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മക്കള്‍ക്കെതിരെ കേസെടുക്കാന്‍ തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി. മേഴ്സി റൂറല്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പെരിങ്ങോം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.