വിദ്യാർഥിയെ മർദിച്ച സംഭവം: സഹപാഠികൾക്ക് എതിരെ കേസ്
text_fieldsസുൽത്താൻ ബത്തേരി: മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. ആറ് വിദ്യാർഥികൾക്കെതിരെയാണ് അസഭ്യം പറയൽ, തടഞ്ഞുവെക്കൽ, മർദനം, ആയുധം ഉപയോഗിച്ചുള്ള പരിക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
മർദനമേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരിനാഥിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്. സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ ശബരിനാഥനെ ഏതാനും വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ലാസിൽനിന്നിറക്കി കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി.
നെഞ്ചിലും മുഖത്തുമാണ് പരിക്ക്. റാഗിങ്ങിന്റെ മറവിലാണ് ആക്രമണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അമ്പലവയൽ എം.ജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ-സ്മിത ദമ്പതികളുടെ മകനായ ശബരിനാഥ് ഈ വർഷമാണ് മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നത്.
സംഭവത്തിൽ ഏതാനും വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ, റാഗിങ്ങാണെന്ന ആരോപണം സ്കൂളുമായി ബന്ധപ്പെട്ടവർ നിഷേധിക്കുന്നുണ്ട്. വിദ്യാർഥികൾ തമ്മിലുള്ള മറ്റെന്തെങ്കിലും കാരണമായിരിക്കാമെന്നാണ് അവർ പറയുന്നത്. വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.