വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി 32.76 കോടിയുടെ തട്ടിപ്പ്: ഡോക്ടർമാർക്കെതിരെ കേസ്
text_fieldsനാഗർകോവിൽ: കോവിഡ് ടെസ്റ്റ് നടത്തി അംഗീകൃത ലാബിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി 32,76,82,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരെ കോടതി ഉത്തരവ് അനുസരിച്ച് കേസെടുത്തു. കുഴിത്തുറ ഡോക്ടർ കിങ് ഡിജിറ്റൽ എക്സ്റേ ലാബ് ഉടമകളായ ഡോ. ജയകുമാർ, ഡോ. എഡ്വിൻ കിങ്സ് രാജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ നാഗർകോവിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് -1 കോടതിയുടെ ഉത്തരവ് അനുസരിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
നാഗർകോവിൽ കെ.പി റോഡിലെ വിവേക് ലാബിന്റെ ഉടമ ഡോ. ശ്രീനിവാസ കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 1986 മുതൽ പ്രവർത്തിക്കുന്ന വിവേക് ലാബിന് കോവിഡ് ഒന്നാംഘട്ടത്തിൽ തന്നെ പരിശോധന അനുമതി ഉണ്ടായിരുന്നു. എന്നാൽ, ഇവരുടെ അനുമതി പത്രം ഉപയോഗിച്ച് ഡോക്ടർ കിങ് ലാബ് തട്ടിപ്പ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് റോബിൻ നേശയ്യൻ എന്ന വ്യക്തി വിവേക് ലാബിൽ ഫോൺ ചെയ്ത് തന്റെ കോവിഡ് പരിശോധനാ ഫലം വാട്സ് ആപ്പ് ചെയ്ത് തരാൻ ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
റോബിൻ നൽകിയ രസീതിന്റെ നമ്പറിൽ സംശയം തോന്നിയ വിവേക് ലാബ് അധികൃതർ ഫോൺ ചെയ്ത വ്യക്തിയോട് എവിടെ നിന്നും പരിശോധന നടത്തിയെന്ന് ചോദിച്ചപ്പോൾ കുഴിത്തുറയിലെ ലാബിന്റെ വിവരമാണ് നൽകിയത്. തുടർന്ന് വിവേക് ലാബിന്റെ പ്രതിനിധിയായ ബ്ലസിങ് ബാബുവിനെ കുഴിത്തുറ ലാബിൽ അയച്ച് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയപ്പോഴാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്.
വിവേക് ലാബിന്റെ ട്രേഡ് മാർക്ക് വ്യാജമായി ഉപയോഗിച്ചതായും മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.