ജയരാജനെതിരെ കേസ് നിലനിൽക്കുമോ? വ്യക്തത വരുത്തി വിശദീകരണം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജനെതിരെ വിജിലൻസ് കേസ് നിലനിൽക്കില്ലെങ്കിൽ ഇക്കാര്യം വ്യക്തതയോടെ അറിയിക്കണമെന്ന് ഹൈകോടതി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് തോന്നുന്നതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് വ്യക്തതയോടെ ഇക്കാര്യം അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോടുതന്നെ നിർദേശിക്കുകയായിരുന്നു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇ. പി. ജയരാജൻ വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം.
അഴിമതി നിരോധന നിയമപ്രകാരം നടപടി ആവശ്യെപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ പരാതികളിൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജയരാജനും സുധീറിനും പുറമെ ഗവ. സെക്രട്ടറി പോൾ ആൻറണിയെയും പ്രതിയാക്കി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജയരാജൻ ഹരജി നൽകിയിട്ടുള്ളത്.
ഇതിനിടെയാണ് രേഖകളും വസ്തുതകളും പരിശോധിച്ചതിൽനിന്നും പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്തതിലൂടെയും കേസ് നിലനിൽക്കുന്നതല്ലെന്നാണ് തോന്നുന്നതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയത്. എന്നാൽ, കേസ് നിലനിൽക്കുേമാ ഇല്ലയോ എന്ന വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി വീണ്ടും വിശദീകരണം സമർപ്പിക്കാൻ നിർദേശിച്ചത്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.