Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാരെ തടഞ്ഞതിന്...

മന്ത്രിമാരെ തടഞ്ഞതിന് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കലാപാഹ്വാനക്കുറ്റം

text_fields
bookmark_border
മന്ത്രിമാരെ തടഞ്ഞതിന് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കലാപാഹ്വാനക്കുറ്റം
cancel

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവർക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാരെ തടഞ്ഞതിന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. അഞ്ചുതെങ്ങ് പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്.

പെരുമാതുറ മുതലപ്പൊഴിയിൽ തിങ്കളാഴ്ച പുലർച്ച നാലോടെയാണ് പുതുക്കുറിച്ചി സ്വദേശി ആൻറണി ലോപ്പസിന്‍റെ ഉടമസ്ഥതയിലുള്ള ‘പരലോകമാതാ’ എന്ന ബോട്ട് അപകടത്തിൽപെട്ടത്. നാലുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മുതലപ്പൊഴി ഹാർബർ കവാടം കടക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ ബിജു, മാൻറസ്, ബിജു, കുഞ്ഞുമോൻ (40) എന്നിവരാണ് ബോട്ടിലുണ്ടായത്. കുഞ്ഞുമോനെ തൊട്ട് പിറകെ ഉണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. കുഞ്ഞുമോന്റെ മൃതദേഹം പുതുക്കുറിച്ചി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. അപകടത്തിൽ കാണാതായ ബാക്കി തൊഴിലാളികൾക്കുവേണ്ടി തെരച്ചിൽ പുരോഗമിക്കുന്നു. ​നാവികസേനയുടെ അഞ്ച്​ ബോട്ടുകൾ ഇതിനായി രംഗത്തുണ്ട്​​.

ഉച്ചയോടെ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവരെ മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. മന്ത്രിമാരെത്തിയത് മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ ആണെന്നും സിപിഎം നേതാക്കളുടെ സംരക്ഷണ വലയത്തിലാണ് അവര്‍ എത്തിയതെന്നും യുജിന്‍ പെരേര ആരോപിച്ചു. എന്നാൽ, പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു.

ലത്തീൻ സഭയുടെ ഉത്തരവാദപ്പെട്ടയാളായ യൂജിൻ പെരേരയുടെ ഭാഗത്തുനിന്ന്​ കലാപാഹ്വാനം ഉണ്ടാകാൻ പാടില്ലായിരുന്നെന്ന്​ മന്ത്രി പറഞ്ഞു. ‘യൂജിൻ പെരേര കാറിൽനിന്ന്​ ഇറങ്ങി ആക്രമണത്തിന്‍റെ സ്വഭാവത്തിൽ അലറിക്കൊണ്ടാണ്​ വന്നത്​. മന്ത്രിമാരെയും കലക്ടറെയും തടയാനാണ്​ ആദ്യം ആഹ്വാനം ചെയ്തത്​. പൊലീസും 150 ഓളം വരുന്ന നാട്ടുകാരും അവിടെയുണ്ടായിരുന്നു. കൂടിനിൽക്കുന്ന മുഴുവൻ ആളുകളും അദ്ദേഹത്തിന്‍റെ ആഹ്വാനം കേട്ട്​ മന്ത്രിമാരെ തടയുമെന്നും ക്രമസമാധാനനില വഷളാകുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ് യൂജിൻ പെരേര വിചാരിച്ചത്​​. ആഹ്വാനം പക്ഷേ ആരും അംഗീകരിച്ചില്ല. ഇതോടെ അദ്ദേഹം ഞങ്ങളോട്​ തട്ടിക്കയറി. ഞങ്ങൾ സംയമനം പാലിച്ചു. നാട്ടുകാരും സംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായകരമായ നിലപാടാണ്​ സ്വീകരിച്ചത്​. രണ്ട്​ വനിതകൾ ഒരു കാരണവുമില്ലാതെ ഞങ്ങൾ അവിടെ എത്തിയത്​ എന്തോ അപരാധമാണെന്നപോലെ ഉച്ചത്തിൽ ശബ്​ദമുണ്ടാക്കി. ഞങ്ങൾ പറയുന്നത്​ കേട്ടില്ല’ -മന്ത്രി പറഞ്ഞു.

‘തീരപ്രദേശത്ത്​ ഓരോ പള്ളിയും നിയമവിരുദ്ധമായ പിരിവാണ്​ നടത്തുന്നത്​. ഒരു കോടി രൂപ പിരിവ്​ കിട്ടുന്ന പള്ളികളുണ്ട്​. ഈ പണം പാവ​പ്പെട്ട മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കണ്ടേ. അതിന്‍റെ കണക്കെവിടെ? മത്സ്യത്തൊഴിലാളികൾ പാവപ്പെട്ടവരാണ്​. കഷ്ടപ്പെട്ടാണ്​ മീൻ പിടിക്കുന്നത്​. എന്തിനാണ്​ അവരിൽനിന്ന്​ രണ്ട്​ ശതമാനവും അഞ്ച്​ ശതമാനവും പിരിക്കുന്നത്​. ഇതിനെ എതിർക്കുന്നത്​ കൊണ്ടാണ്​ യൂജിൻ പെരേര ഇങ്ങനെ പെരുമാറുന്നത്’ -മ​ന്ത്രി ശിവൻകുട്ടി കൂട്ടി​ച്ചേർത്തു.

എന്നാൽ, മത്സ്യത്തൊഴിലാളികൾ മന്ത്രിമാരുമായി ചർച്ചക്ക്​ തയാറായിരുന്നെന്നും പക്ഷേ അവരോടൊക്കെ വളരെ ക്ഷോഭിച്ചും അപമര്യാദയായും തരംതാഴ്ത്തിയുമാണ്​ മ​ന്ത്രിമാർ സംസാരിച്ചതെന്നും വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു. താനവിടെ ചെല്ലുമ്പോൾ വളരെ ക്ഷുഭിതനായി വിദ്യാഭ്യാസമന്ത്രി ഇറങ്ങിവരികയാണ്​. തന്നെ കണ്ട​തോടെ ‘വേലയൊന്നും വേണ്ടെന്ന’ ലെവലിലാണ്​ സംസാരിച്ചത്​. എന്നെ കണ്ടപ്പോൾ എന്നെയങ്ങ്​ ഇരയാക്കിയെന്നേയുള്ളൂ. മന്ത്രിമാർ പോകുന്നതിന്​ മുമ്പ്​ അവിടെ അണിയറ ഒരുക്കങ്ങൾ നടത്തിയിരുന്നു. നീക്കങ്ങൾ ആസൂത്രിതമാണെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാരെ ചൊടിപ്പിച്ചത് ‘ഷോ വേണ്ടെ’ന്ന മന്ത്രിയുടെ പ്രതികരണം

പുലർച്ചെയാണ്​ അപകടമുണ്ടായതെങ്കിലും അഞ്ചുമണിക്കൂർ വൈകി രാവിലെ ഒമ്പതുമണിക്ക്​ ശേഷമാണ്​ ഔദ്യോഗിക രക്ഷാപ്രവർത്തനം തുടങ്ങിയത്​. ഉച്ചക്ക്​ ഒരുമണിയോടെയാണ്​ ബോട്ടപകടം ഉണ്ടായ സ്ഥലത്തേക്ക്​ പോകാനായി മന്ത്രിമാർ എത്തിയത്. മുതലപ്പൊഴിയിൽ അപകടം പതിവായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തു. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ ‘ഷോ വേണ്ടെ’ന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകട പ്രദേശത്തേക്ക് പോകാതെ മന്ത്രിമാർ മടങ്ങി.

രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച്​ മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത്​ റോഡ്​ ഉപരോധിച്ചു. ആദ്യം പെരുമാതുറ റോഡും പിന്നീട് പുതുക്കുറിച്ചി റോഡുമാണ്​ ഉപരോധിച്ചത്. കാണാതായ മത്സ്യത്തൊഴിലാളികളെ ക​ണ്ടെത്താൻ കോസ്റ്റൽ പൊലീസിന്റെയും നേവിയുടെയും സഹായം ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അധികൃതർ ഉറപ്പുനൽകിയതിന്​ പിന്നാലെ മത്സ്യത്തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eugene pereira
News Summary - Case against Fr Eugene pereira For stopping ministers
Next Story