എലിപ്പനിക്കെതിരെ വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരി അറസ്റ്റിൽ
text_fieldsകൊച്ചി: എലിപ്പനി പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ പ്രകൃതിചികിത്സകനും ജനാരോഗ്യ പ്രസ്ഥാനം ചെയർമാനുമായ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓർഗനൈസ്ഡ് വിങ് ഡെപ്യൂട്ടി ഇൻസ്പെക്ടർ പി.എസ്. ഷിജുവിെൻറ നേതൃത്വത്തിലാണ് ചമ്പക്കരയിലെ പ്രകൃതിചികിത്സ സ്ഥാപനത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വടക്കുംചേരി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ നടപടിെയടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ഡി.ജി.പിയുടെ നിർദേശമനുസരിച്ചാണ് നടപടി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വടക്കുംചേരിക്കെതിരെ രംഗത്തെത്തി. അറസ്റ്റിനുശേഷം ഇയാളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമ്പക്കരയിലെ സ്ഥാപനത്തിൽ എത്തി, പ്രചരിപ്പിച്ച വിഡിയോ അടങ്ങുന്ന ഹാർഡ് ഡിസ്ക് പരിശോധിച്ചു. ഏതാനും മെഡിക്കൽ പുസ്തകങ്ങളും വെബ്സൈറ്റുകളും ഉദ്ധരിച്ചാണ് പ്രതിരോധമരുന്നുകൾ കഴിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന് പ്രചാരണം നടത്തിയത്. അലോപ്പതി ഡോക്ടർമാർക്കെതിരെ സംസാരിക്കാൻ ആളുകൾ ഭയപ്പെടുകയാണെന്നും അവർ മരുന്നുകമ്പനികളുമായി ചേർന്നുള്ള വൻ മാഫിയയാണെന്നും ഇയാൾ പറഞ്ഞു. എലിപ്പനി പ്രതിരോധത്തിന് നിർദേശിക്കപ്പെട്ട മരുന്നുകൾ കഴിച്ചാൽ പുതിയ രോഗങ്ങളുണ്ടാകുമെന്നും പറഞ്ഞിരുന്നു.
നിപ വൈറസ് പടർന്നുപിടിച്ച സമയത്തും ഇത്തരം ആരോപണങ്ങളുമായി വടക്കുംചേരി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.