മാധ്യമപ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: ജയിലിൽ കയറി തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന പേരിൽ രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. 2013ൽ സോളാർ കേസിൽ പത്തനംതിട്ട ജില്ല ജയിലിൽ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ റിപ്പോർട്ടർ ചാനൽ പ്രവർത്തകരായിരുന്ന പ്രദീപ്, പ്രശാന്ത് എന്നിവർക്കെതിരായ കേസാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജോപ്പനെ കാണാൻ ഹരജിക്കാർ അനുമതി തേടിയിരുന്നെങ്കിലും മൊഴി അനധികൃതമായി റെക്കോഡ് ചെയ്യാൻ ശ്രമിച്ചത് ജയിൽ ജീവനക്കാർ തടഞ്ഞിരുന്നു. തുടർന്ന് ജയിൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വാർത്ത ശേഖരിക്കണമെന്ന ലക്ഷ്യമാണ് മാധ്യമപ്രവർത്തകർക്ക് ഉണ്ടായിരുന്നതെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നെന്നും വിലയിരുത്തിയ കോടതി, ഇത്തരമൊരു റെക്കോഡിങ് നടന്നിട്ടില്ലെന്നതും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്. വാർത്തകളിലെ ചെറിയ പിഴവുപോലും വ്യക്തികളുടെ സ്വകാര്യതയെയും ഭരണഘടന അവകാശങ്ങളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.