വിദ്യക്കെതിരായ കേസ്: രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് അപേക്ഷ
text_fieldsപാലക്കാട്: കെ. വിദ്യ ഗെസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ അട്ടപ്പാടി ഗവ. കോളജ് പ്രിൻസിപ്പലടക്കമുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അഗളി പൊലീസ് പാലക്കാട് സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. കോളജ് അധികൃതർ മൊഴിമാറ്റിപ്പറയുന്നത് അന്വേഷണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസിന്റെ തീരുമാനം.
അഭിമുഖ പാനലിലുണ്ടായിരുന്ന പ്രിൻസിപ്പൽ ലാലിമോൾ വർഗീസ്, മലയാളം വകുപ്പധ്യക്ഷ പ്രീതമോൾ, മലയാളം അധ്യാപിക ജ്യോതിലക്ഷ്മി, വിഷയവിദഗ്ധ ശ്രീപ്രിയ എന്നിവരുടെ മൊഴി ഇത്തരത്തിൽ രേഖപ്പെടുത്താനാണ് നീക്കം.
നേരത്തേ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന കാലയളവടക്കം കോളജ് അധികൃതർ മാറ്റിപ്പറഞ്ഞതോടെ പൊലീസ് വെട്ടിലായിരുന്നു. ജൂൺ ഒമ്പതിന് തെളിവെടുപ്പിന് കോളജിലെത്തിയപ്പോൾ ആറുദിവസം മാത്രമേ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ശേഖരിച്ചുവെക്കാൻ കഴിയൂവെന്നാണ് ഹെഡ് അക്കൗണ്ടന്റ് പൊലീസിനെ അറിയിച്ചത്.
എന്നാൽ, പിന്നീട് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് 12 ദിവസം ദൃശ്യങ്ങൾ ശേഖരിച്ചുവെക്കാൻ കഴിയുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അഗളി പൊലീസ് കോളജിലെത്തി ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു.
കേസന്വേഷണത്തിന്റെ ഭാഗമായി വിദ്യ ജോലിക്ക് സമർപ്പിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എറണാകുളം മഹാരാജാസ് കോളജിലെ ഗെസ്റ്റ് അധ്യാപികയായി ജോലിചെയ്തെന്ന വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന വിദ്യക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.