സി.പി.എമ്മിൽ ചേർന്ന പ്രതിയുടെ ‘കാപ്പ’ കേക്ക് മുറിച്ചുള്ള പിറന്നാളാഘോഷം; പൊലീസ് കേസെടുത്തു
text_fieldsപത്തനംതിട്ട: കാപ്പ കേസ് പ്രതി പൊതുവഴിയിൽ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് നടുറോഡിൽ ആഘോഷം നടന്നത്. ഒരു മാസം മുമ്പ് സി.പി.എമ്മിൽ അംഗത്വം എടുത്ത മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്‍റെ പിറന്നാളാഘോഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മലയാലപ്പുഴ - മണ്ണാറക്കുളഞ്ഞി റോഡിൽ നടന്നത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പൊലീസ് നടപടി.
‘കാപ്പ’ എന്ന് എഴുതിയ കേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചു. ഇവരിൽ പൊലീസ് രേഖകളിൽ പിടികിട്ടാപ്പുള്ളിയായ എസ്. സുധീഷ് കുമാർ എന്നയാളുമുണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചുവെന്ന പേരിൽ എടുത്ത കേസിലെ നാലാം പ്രതിയാണ് സുധീഷ് കുമാർ. ശരൺ ചന്ദ്രനോടൊപ്പം സി.പി.എം അംഗത്വം എടുക്കാനും സുധീഷ് ഉണ്ടായിരുന്നു. നടുറോഡിൽ കാർ നിർത്തിയിട്ട് അതിന്‍റെ ബോണറ്റിൽ അഞ്ചുതരം കേക്ക് െവച്ചാണ് ആഘോഷം നടത്തിയത്.
ശരണിന്‍റെയും ഒപ്പമുണ്ടായിരുന്ന 25 പേരുടെയും പേരിലാണ് കേസ്. കാപ്പ നിയമത്തിന്‍റെ പേര് കേക്കിൽ എഴുതി ചേർത്തതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. അമ്പതിലേറെപ്പേർ പങ്കെടുത്ത ആഘോഷം ഇവർതന്നെ റീലുകളാക്കി പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങളെയും പാർട്ടി നേതൃത്വത്തെയും വെല്ലുവിളിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച റീലുകൾക്കെതിരെ രൂക്ഷമായ വിമർശനമാണുയർന്നത്.
ശരൺ ചന്ദ്രൻ ഉൾപ്പെടെ 62 പേർക്കാണ് ഒരുമാസം മുമ്പ് പാർട്ടി അംഗത്വം നൽകിയത്. ബി.ജെ.പി അനുഭാവികളായിരുന്ന ഇവർ സി.പി.എമ്മിലേക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി മന്ത്രി വീണ ജോർജും ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.