ആദിവാസി ഭൂമി കൈയേറ്റം വാർത്തയാക്കിയതിന് 'മാധ്യമം' ലേഖകനെതിരെ കേസ്
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി വാർത്തയാക്കിയതിന് മാധ്യമപ്രവർത്തകനെതിരെ കേസ്. 'മാധ്യമം' ലേഖകൻ ആർ. സുനിലിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ആദിവാസിയായ ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചായിരുന്നു വാർത്ത. ഇതിൽ കുറ്റാരോപിതന്റെ പരാതിയിലാണ് ലേഖകനെതിരെ കേസെടുത്തത്.
നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യനെതിരെയാണ് ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചന്ദ്രമോഹന്റെ മുത്തച്ഛനായ രങ്കന്റെ പേരിൽ 1413/1, 1412/1എന്നീ സർവേ നമ്പരിലുള്ള 12 ഏക്കർ ഭൂമിയിൽനിന്ന് കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കുര്യൻ എന്നയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഭൂമി പണം കൊടുത്ത് വാങ്ങിയെന്നായിരുന്നു ജോസഫ് കുര്യന്റെ അവകാശവാദം. കുടിയൊഴിഞ്ഞില്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറഞ്ഞത്. ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പരാമർശിച്ചാണ് സുനിൽ വാർത്ത നൽകിയത്.
ഇതിന് പിന്നാലെ, തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോസഫ് കുര്യൻ അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് കോടതിയെ സമീപിച്ചു. തുടർന്നാണ് അഗളി പൊലീസ് സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തയാളാണ് ജോസഫ് കുര്യൻ. ആ ഭൂമിയിൽ അദ്ദേഹം പെടോൾ പമ്പ് തുടങ്ങുന്നതിന് അനുമതി വാങ്ങി. ഇതും ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്ന് കെ.കെ.രമ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചു. അസി. ലാൻഡ് റവന്യൂ കമ്മിഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് സംഘം അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കുമെന്ന് നിയമസഭയിൽ ബഹു. റവന്യൂമന്ത്രി കെ.രാജൻ മറുപടി നൽകുകയും ചെയ്തിരുന്നു.
റവന്യൂ വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം വ്യാജരേഖയുണ്ടാക്കിയാണ് നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്തതെന്ന് വ്യക്തമായി. അഗളി വില്ലേജിൽനിന്ന് ജോസഫ് കര്യന്റെ പേരിൽ നൽകിയ നികുതി രസീതും ഉടമസ്ഥതാ സർട്ടിഫിക്കറ്റും റദ്ദു ചെയ്യണമെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർ റവന്യൂ പ്രിൽസിപ്പൽ സെക്രട്ടറിക്കാണ് സമർപ്പിച്ചത്. അതേ ജോസഫ് കുര്യനാണ് ‘മാധ്യമം’ ലേഖകൻ ആർ.സുനിലിനെതിരെ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.