‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിനെതിരായ കേസ്: പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും ചെയ്തില്ലെന്നും ആഭ്യന്തരവകുപ്പ്
text_fieldsകോഴിക്കോട്: ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിനെതിരെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും ചെയ്തില്ലെന്നും ആഭ്യന്തരവകുപ്പ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ‘മാധ്യമം’ ഓൺലൈനിൽ നൽകിയ വാർത്തക്കെതിരെയാണ് അഗളി പൊലീസ് രജിസ്റ്റർ ചെയ്തത്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ഫെബ്രുവരി 13 ലെ ഉത്തരവിൽ അഗളി മുൻ ഡി.വൈ.എസ്.പി എൻ. മുരളീധരനെയും ഐ.എസ്.എച്ച്.ഒ സലീമിനെയും ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2023 നവംബർ 24 ന് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകിയിരുന്നുവെന്നും ഉത്തരവിലുണ്ട്. അതനുസരിച്ചാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ജോസഫ് കുര്യൻ ആദിവാസിയായ ചന്ദ്രമോഹന്റെ തറവാട്ട് സ്വത്ത് അനധികൃതമായി തട്ടിയെടുത്തുവെന്ന് ആരോപിച്ച് നൽകിയ പരാതി ‘മാധ്യമം’ ഓൺലൈൻ വാർത്തയാക്കിയതാണ് കേസിന് വഴിവെച്ചത്.
ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ആദിവാസി നേതാവ് സുകുമാരനും റിപ്പോർട്ടർക്കുമെതിരെ ജോസഫ് കുര്യൻ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. തുടർന്ന് അഗളി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർ പ്രാഥമിക അന്വേഷണം നടത്താതെ മണ്ണാർക്കാട് ജെ.എഫ്.സി.എം കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.
ഇതേ കാലത്ത് ജോസഫ് കുര്യൻ തൻറെ സ്വത്തുക്കൾ അനധികൃതമായി കൈയേറിയെന്നും ഭൂമാഫിയയുടെ സഹായത്തോടെ ഭൂമി കൈയേറാൻ ശ്രമിച്ചെന്നും ആരോപിച്ച് അട്ടപ്പാടി സ്വദേശി്യായ ബാലസുബ്രഹ്മണ്യനും അഗളി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഡി.ജി.പി കത്തിൽ വ്യക്തമാക്കി.
ബാലസുബ്രഹ്മണ്യന്റെ പരാതിയിലും നടപടിയെടുക്കുന്നതിൽ അഗളി ഡി.വൈ.എസ്.പി പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുന്നതിലെ ഗുരുതര വീഴ്ചകൾ വരുത്തിയെന്നും ഭൂമാഫിയയെ സഹായിച്ചുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും വ്യ്കതമായിതിനാലാണ് ഡി.ജി.പി വാക്കാലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് നിർദേശം നൽകിയത്.
ഇതിന് ശേഷം ഫെബ്രുവരി 13 നാണ് അഗളി മുൻ ഡി.വൈ.എസ്.പിയെയും ഐ.എസ്.എച്ച്.ഒയെയും സസ്പെന്റ് ചെയ്ത് ആഭ്യന്തര (എച്ച്) വകുപ്പിൽ നിന്ന് അണ്ടർ സെക്രട്ടറി ആർ. പ്രവീൺ കുമാറാണ് ഉത്തരവിറക്കിയത്. ഇതിന്‍റെ പകർപ്പാണ് വിവരാവകാശ പ്രകാരം ആഭ്യന്തര വകുപ്പിലെ പൊതു വിവരാവകാശ ഓഫിസറും അപ്പീൽ അധികാരിയും 'മാധ്യമ'ത്തിന് കൈമാറിയത്.
എന്നാൽ, ഈ ഉത്തരവിൽ പിഴവുണ്ടെന്നാണ് ഇന്ന് ( ഒക്ടോബർ ഏഴിന് ) രാവിലെ 'മാധ്യമം' റിപ്പോർട്ടറെ ആഭ്യന്തര വകുപ്പിൽ നിന്ന് ഫോണിൽ വിളിച്ച് അറിയിച്ചത്. 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന്' ടൈപ്പ് ചെയ്തത് ക്ലറിക്കൽ മിസ്റ്റേക്ക് ആയിരുന്നു എന്നും അറിയിച്ചു. എന്താണ് ഉത്തരവിലെ തിരുത്ത് എന്ന് ചോദിച്ചപ്പോൾ 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടില്ല' എന്നും വ്യക്തമാക്കി.
തുടർന്ന് ഫെബ്രുവരി 13 ന് പുറത്തിറക്കിയ തിരുത്തിയ ഉത്തരവിന്റെ പകർപ്പ് ഈമെയ്‍ൽ വഴി അയച്ചുതന്നു. അതിൽ 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു' എന്ന വാക്യം ഒഴിവാക്കിയിട്ടുണ്ട്. മറ്റ് തിരുത്തുകളൊന്നും ഉത്തരവിലില്ല. എന്തുകൊണ്ട് ഫെബ്രുവരി 13 ലെ തിരുത്തിയത് മറച്ചുവെച്ചു എന്നതിന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് വിശദീകരണവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.