നമ്പി നാരായണനെതിരെ കേസെടുക്കണമെന്ന ഹരജിയിൽ വിധി 27ന്
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ്, പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ഹരജിയിൽ വിധി 27ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയും മുൻ എസ്.പിയുമായ എസ്. വിജയൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്‍റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണപരിധിയിൽ വരണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പവർ ഓഫ് അറ്റോണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതിന്‍റെ രേഖകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ, സ്വകാര്യ ഹരജി നിയമപരമായി നിലനിൽക്കുകയില്ലെന്നാണ് സി.ബി.ഐ കോടതിയിൽ സ്വീകരിച്ച നിലപാട്. അതിനിടെ ചാരേക്കസിൽ പുതിയ ഹരജിയുമായി എസ്. വിജയൻ കോടതിയെ സമീപിച്ചു. ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞനും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം വേണമെന്നാണ് ഹരജി. 1996ൽ സി.ബി.ഐ സ്വത്ത് സമ്പാദനത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സി.ബി.ഐ ഡിവൈ.എസ്.പി ഹരിവത്സന് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയെൻറ പുതിയ ഹരജിയിലെ ആരോപണം. ഇൗ ഹരജിയിൽ 30ന് കോടതി വാദം കേൾക്കും.
ഐ.എസ്.ആർ.ഒ ചാരക്കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരായ സി.ബി.ഐ ഉദ്യോഗസ്ഥർക്കും മുൻ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യക്കും തിരുനൽവേലി ജില്ലയിൽ ഭൂമി നൽകിയെന്നാണ് ആദ്യം സമർപ്പിച്ച ഹരജിയിലെ ആരോപണം. പൊലീസിലെയും ഐ.ബി, സി.ബി.ഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായ ആരോപണത്തിന് ശക്തിപകരുന്ന നിലയിലാണ് സി.ബി.ഐ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിവൽസനെതിരെയും ആരോപണം ഉന്നയിച്ചിട്ടുള്ളത്. ചാരക്കേസ് അട്ടിമറിക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കൂട്ടുനിന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.