ഡോക്ടർക്ക് മർദനം; പഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസ്
text_fieldsശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ കൈയേറ്റം ചെയ്തതായി പരാതി. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കിണറ്റിൽ വീണ് മരിച്ച ശൂരനാട് വടക്ക് സ്വദേശിനി സരസമ്മയുടെ (85) മൃതശരീരവുമായി ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ളവർ മെഡിക്കൽ ഓഫിസർ ഗണേഷിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി. മരണം സ്ഥിരീകരിക്കുന്നത് ബന്ധിച്ചുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ളവർ ആവശ്യപ്പെട്ടപ്പോൾ അസ്വാഭാവിക മരണമായതിനാൽ മൃതദേഹം ആശുപത്രിക്കുള്ളിൽ എത്തിച്ച് പരിശോധിക്കണമെന്ന് ഡോക്ടർ നിർദേശിച്ചതോടെയാണ് തർക്കമുണ്ടായത്.
പിന്നീട് കൂടുതൽ ആളുകൾ എത്തിയതോടെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതർ ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. പരിക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീകുമാര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രകോപനമില്ലാതെ ഡോക്ടർ തന്നെ അക്രമിക്കുകയായിരുന്നുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ശാസ്താംകോട്ട ടൗണിലേക്ക് പ്രകടനം നടത്തി.
ആശുപത്രിയിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒ.പി ബഹിഷ്കരിച്ചതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയവർ വലഞ്ഞു. സ്വകാര്യ ആശുപത്രിയിലുള്ള ശ്രീകുമാർ പൊലീസ് കാവലിലാണെന്നും ചികിത്സക്കുശേഷം അറസ്റ്റ് ചെയ്യുമെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ പറഞ്ഞു.
ഒ.പി ബഹിഷ്കരിക്കും
ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ താലൂക്ക് ആശുപത്രിയിലെ ഒ.പി ബഹിഷ്കരിക്കും. അറസ്റ്റ് വൈകിയാൽ ബഹിഷ്കരണം ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.യു ജില്ല പ്രസിഡൻറ് ഡോ. റീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.