പ്രിൻസിപ്പലിനെതിരെ കേസ്; മഹാരാജാസിലെ ഇടതു അധ്യാപക സംഘടനയിൽ ഭിന്നാഭിപ്രായം
text_fieldsകൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ‘ജയിച്ച’ സംഭവത്തിലുണ്ടായത് സാങ്കേതിക പിഴവു മാത്രമെന്ന നിലപാടിൽ മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിലും പ്രിൻസിപ്പലും അടക്കം നിലപാടെടുത്തിരിക്കെ ഇടത് അധ്യാപക സംഘടനയിൽ ഭിന്നാഭിപ്രായം.
അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി) മഹാരാജാസ് കോളജിലെ ഘടകത്തിലെ ഒരു വിഭാഗം ഇതു ശരിവെക്കുമ്പോൾ മറ്റൊരു പക്ഷം സാങ്കേതികം മാത്രമല്ലെന്ന് വാദിക്കുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ആരോപിക്കുന്നതുപോലെ ഗൂഢാലോചന നടന്നതായാണ് ഇക്കൂട്ടർ സംശയിക്കുന്നത്. പ്രിൻസിപ്പലിനെ കേസിൽ കുടുക്കിയതിൽ പ്രതിഷേധമുള്ളവരാണ് ഭൂരിപക്ഷം. ആർഷോയുടെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കണമെന്ന് നിർബന്ധമുള്ളവരാണത്രേ പ്രിൻസിപ്പലിന്‍റെയും പരീക്ഷ വിഭാഗത്തിന്‍റെയും നിലപാട് തള്ളുന്നത്.
ആർഷോയുടെ റിസൽറ്റിൽ പരീക്ഷ വിജയം രേഖപ്പെടുത്തിയത് സാങ്കേതികം മാത്രമല്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷനും (ജി.സി.ടി.ഒ) പറയുന്നു. വിവിധ ഘട്ടങ്ങളിൽ സൂക്ഷ്മ വിശകലനം നടത്തിയാണ് പരീക്ഷഫലം പുറത്തുവിടുന്നത്. എന്നിരിക്കെ പിഴവ് ഒരു അധ്യാപകനുമേൽ മാത്രം ആരോപിക്കുന്നത് സംഭവം ലഘൂകരിക്കാനാണെന്ന് ജി.സി.ഒ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തെ പരീക്ഷഫലം വീണ്ടും പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കെ. വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയതു കണ്ടെത്തിയ അട്ടപ്പാടി ഗവ. കോളജിന്‍റെ ചുമതല വഹിക്കുന്ന അധ്യാപികയെ സമ്മർദത്തിലാഴ്ത്താൻ ശ്രമം നടക്കുന്നുവെന്നും ഇത് പ്രതിരോധിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. ആർക്കിയോളജി മൂന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച ശേഷം അതിലെ പിഴവുകൾ മേയ് 12ന് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഉചിത നടപടികൾ ഉണ്ടായില്ല. പരീക്ഷ സംവിധാനം മുഴുവൻ ഇടത് സംഘടന അംഗങ്ങൾ കൈയാളുന്ന സാഹചര്യത്തിൽ ക്രമക്കേടിലെ അവരുടെ പങ്കും അന്വേഷിക്കണമെന്ന് ജി.സി.ടി.ഒ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.