യുവതിയുടെ അധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പ; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമക്കെതിരെ കേസ്
text_fieldsവള്ളികുന്നം: യുവതിയുടെ അധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമക്ക് എതിരെ കേസ്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തതായി സൂചന. വള്ളികുന്നം കാമ്പിശേരി ജങ്ഷനിൽ വീടിനോട് ചേർന്നുള്ള അർച്ചന ഫൈനാൻസിയേഴ്സ് ഉടമ വിജയന് (72) എതിരെയാണ് കേസെടുത്തത്. താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പണയം വെക്കാനായി ഇവർ നൽകിയ ആധാർ കാർഡിൻെറ പകർപ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽ സ്വർണം പണയം വച്ച് പണം വാങ്ങിയതാണ് പരാതിക്ക് കാരണം. ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിൽ ഇവരുടെ പേരിൽ 12 തവണയോളം ഇടപാട് നടത്തി ലക്ഷങ്ങൾ വായ്പ വാങ്ങിയതായ രേഖകൾ കണ്ടെത്തി.
ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥയാണ് വിജയൻ ദുരുപയോഗം ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇടപാടെന്ന് പറയുന്നു.
ബാങ്കിൽ നിന്നുള്ള കുടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സി.െഎ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു. നാട്ടുകാരുടെ ആധാർ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ അർച്ചന ഫൈനാൻസിയേഴ്സ് ഉടമക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.െഎ മണ്ഡലം പ്രസിഡൻറ് എം.എം. താഹിർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.