നഗ്നശരീരത്തിൽ മക്കൾ ചിത്രംവരക്കുന്ന ദൃശ്യം സമൂഹ മാധ്യമത്തിൽ; രഹ്‌ന ഫാത്തിമക്കെതിരെ കേസ്
text_fieldsതിരുവല്ല: സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടുനൽകിയ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്‌ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ബാറിലെ അഭിഭാഷകനും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.വി. അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതപ്രദർശനം നടത്തി, സ്വന്തം നഗ്നശരീരത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന് ചിത്രം വരക്കുന്നത് പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തെൻറ നഗ്നമേനിയിൽ ചിത്രം വരക്കുന്ന മക്കളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വിഡിയോ രഹ്‌ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്ന് വിഡിയോടൊപ്പമുള്ള കുറിപ്പിൽ രഹ്‌ന അവകാശപ്പെടുന്നു. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തിെൻറ ആവശ്യംകൂടിയാണെന്നും കുറിപ്പിൽ പറയുന്നു.
ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുവേണ്ടി ഹാജരായ അഭിഭാഷകരിൽ ഒരാളാണ് പരാതി നൽകിയ അരുൺ പ്രകാശ്. പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ മൂല്യച്യുതിക്ക് ഇടയാക്കുമെന്നതിനാലാണ് പരാതി നൽകിയതെന്ന് അരുൺ പ്രകാശ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിന് രഹ്‌ന ഫാത്തിമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്റ്റ് ടീമും (സി.പി.ടി) പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമീഷൻ, ശിശുക്ഷേമമന്ത്രി, ഡി.ജി.പി എന്നിവർക്കാണ് പരാതി നൽകിയത്.
മകനെക്കൊണ്ട് തെൻറ നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് അത് ചിത്രീകരിച്ച് രഹ്‌ന ഫാത്തിമ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീയുടെ മാറിടം കുട്ടികൾക്ക് ചിത്രം വരക്കാനുള്ള കാൻവാസാണ് എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. അപകടകരമായ ചിന്തയിലേക്ക് കുട്ടികളെ നയിക്കാൻ ഈ പ്രവൃത്തി കാരണമാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇടപെട്ട് സമൂഹ മാധ്യമങ്ങളിൽനിന്ന് വിഡിയോ നീക്കം ചെയ്യണമെന്നും കർശന നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.