ജീവൻ പോയിട്ടും രാജനെതിരെ പൊലീസ് കേസ്
text_fieldsതിരുവനന്തപുരം: കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സ്വയം പ്രതിരോധം തീർക്കവെ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിൻകര സ്വദേശി രാജനെതിരെ മരണശേഷം പൊലീസ് കേസെടുത്തു. ആത്മഹത്യക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ആത്മഹത്യക്ക് സ്വമേധയായും ജോലി തടസ്സപ്പെടുത്തിയതിന് അഭിഭാഷക കമീഷെൻറ മൊഴിയിലുമാണ് കേസ്. രണ്ടു സംഭവവുമായി ബന്ധപ്പെട്ട് ഒറ്റ എഫ്.ഐ.ആർ ആണ് രജിസ്റ്റർ ചെയ്തത്.
ശരീരത്തിൽ പെട്രോൾ ഒഴിച്ച് നിന്ന രാജെൻറ കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ എ.എസ്.െഎ തൊപ്പികൊണ്ട് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതാണ് തീപിടിത്തത്തിന് കാരണമായത്. ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രാജെൻറ മക്കൾ ജില്ല കലക്ടർക്ക് പരാതി നൽകി.
പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന് റൂറൽ എസ്.പി ബി. അശോകിെൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ശിക്ഷിക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമാണ് എ.എസ്.െഎയുടെ നിലപാടെന്ന് സഹപ്രവർത്തകർ പറയുന്നു. പിതാവിെൻറ മൃതദേഹം അടക്കം ചെയ്യാൻ മൂന്ന് സെൻറ് ഭൂമിയിലുള്ള കൂരയുടെ മുറ്റത്ത് കുഴിയെടുത്ത മകൻ രഞ്ജിത്തിനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ വികാരമാണുള്ളത്. ആ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം അമ്പിളിയുടെ മൃതശരീരവുമായി നടത്തിയ പ്രതിഷേധത്തിലും നാട്ടുകാർ ഇൗ ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞദിവസം നാട്ടുകാരുമായും രാജെൻറ മക്കൾ ഉൾപ്പെടെ ബന്ധുക്കളുമായും നടത്തിയ ചർച്ചയിൽ ഉയർന്ന നാല് ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ജില്ല കലക്ടർ നവജ്യോത് ഖോസ സർക്കാറിന് സമർപ്പിച്ചതായാണ് വിവരം. രാജെൻറ മകന് ജോലി നൽകുന്നതുൾപ്പെടെ ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.