മകനെതിരായ കേസ് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും; പ്രതിഭ എം.എൽ.എയുടെ വാദം തള്ളി എഫ്.ഐ.ആർ
text_fieldsആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസ് വാർത്ത വ്യാജമാണെന്ന യു. പ്രതിഭ എം.എൽ.എയുടെ വാദം തള്ളി എഫ്.ഐ.ആർ. കേസില്‍ യു പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറിലുണ്ട്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ പറഞ്ഞിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിഭ എം.എൽ.എ പ്രതികരിച്ചിരുന്നു.
കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.
കഴിഞ്ഞദിവസമാണ് കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.