മുഖ്യമന്ത്രിക്ക് അസഭ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് പൊലീസ് കേസെടുത്തു. സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജീത്ത് ഏതാനും നാളായി മുഖ്യമന്ത്രിയെയും മാധ്യമപ്രവർത്തകരെയും മൈക്രോഫോണിലൂടെ അസഭ്യവർഷം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അസഭ്യവർഷം അതിരുവിട്ടതോടെയാണ് കന്‍റോൺമെന്‍റ് പൊലീസ് സ്വമേധയാ കേസെടുത്തത്.
കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക, ഫുട്പാത്തിൽ കാൽനടയാത്രക്കാർക്കും മറ്റും മാർഗതടസ്സം ഉണ്ടാക്കുക, അസഭ്യവർഷം നടത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദനത്തിനിരയായി 2014 മേയ് 12നാണ് ശ്രീജീവ് കൊല്ലപ്പെട്ടത്. അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേർന്ന് ശ്രീജീവിനെ കസ്റ്റഡിയിൽ മർദിച്ചുവെന്നും സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവർ കൂട്ടുനിന്നുവെന്നും സംസ്ഥാന പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു.
മഹസർ തയാറാക്കിയ എസ്.ഐ ഡി. ബിജുകുമാർ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു. മരണത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും 2016 മുതൽ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. സമരം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടെങ്കിലും ഏറ്റെടുക്കാൻ സി.ബി.ഐ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.