സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ്; 'കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു'
text_fieldsകൊച്ചി: സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസ്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ. അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നൽകുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. 'KSRTC ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവിസ് നടത്തുന്നു' എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.
കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിദ്വേഷ പ്രചരണം. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, ഫോട്ടോയുടെ ബ്രൈറ്റ്നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം.
ഡ്രൈവർ ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇത് കുർത്തയാണെന്ന തരത്തിലായിരുന്നു കൃഷ്ണരാജും സംഘ്പരിവാർ നേതാക്കൾ അടക്കമുള്ളവരും വ്യാഖ്യാനിച്ചത്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാൽ, അഷ്റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ 'താലിബാനി' എന്നടകം ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവിൽ കെ.എസ്.ആർ.ടി.സി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.
കെ.എസ്. ആർ. ടി. സി അന്ന് പുറത്തിറക്കിയ വിശദീകരണം:
കെ.എസ്. ആർ. ടി. സി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ ടി സി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.
കെ.എസ്.ആർ.ടി.സി. വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.