വിദ്യാർഥികളുടെ കവിളത്തടി: അധ്യാപകർക്കെതിരായ കേസ് അവസാനിപ്പിച്ചു
text_fieldsകൊച്ചി: അധ്യാപകർ സ്‌കൂൾ വിദ്യാർഥികളുടെ കവിളത്തടിച്ച കേസിലെ തുടർനടപടികൾ അവസാനിപ്പിച്ച് ഹൈകോടതി. കുട്ടികൾക്ക് പരിക്കില്ലെന്നിരിക്കെ, മർദനമായോ ഗുരുതര കുറ്റമായോ കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഈ നടപടിയുണ്ടായതെന്നും ക്രിമിനൽ കുറ്റമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.
ചിറ്റാറ്റുകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ അഞ്ച് വിദ്യാർഥികളെ മർദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് കോടതി അവസാനിപ്പിച്ചത്.
സ്കൂളിനോടനുബന്ധിച്ച ഹോസ്റ്റലിൽ താമസിച്ചിരുന്ന 21 കുട്ടികൾക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ സ്‌പെഷൽ ക്ലാസ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ക്ലാസിന്റെ ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടിയ അഞ്ച് കുട്ടികളെ ജനുവരി പത്തിന് രാവിലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കുകയും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കവിളത്തടിക്കുകയും ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.
രണ്ടുദിവസത്തിനുശേഷം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികൾക്ക് പുറമെ കാണാവുന്ന പരിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതുകൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.