ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജന. ആശുപത്രിയിലെ മുൻ ഡോക്ടർക്കെതിരെ കേസ്
text_fieldsകൊച്ചി: ഹൗസ് സർജൻസി കാലയളവിൽ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന വനിത ഡോക്ടറുടെ പരാതിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നേരത്തേ സേവനമനുഷ്ഠിച്ച സീനിയർ ഡോക്ടർക്കെതിരെ കേസെടുത്തു. ഡോക്ടറുടെ ഇ-മെയിൽ വഴിയുള്ള പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് മുതിർന്ന ഡോക്ടർക്കെതിരെ കേസെടുത്തത്.
2019ലാണ് സംഭവം. ഇന്റേൺഷിപ് ചെയ്യുകയായിരുന്ന ഡോക്ടറാണ് അന്നത്തെ ജനറൽ മെഡിസിൻ വകുപ്പ് മേധാവിക്കെതിരെ പരാതി നൽകിയത്. ആശുപത്രി ക്വാർട്ടേഴ്സിന് പുറത്തുള്ള സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽവെച്ച് തന്നെ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഇക്കാര്യം ഇവർ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.
അടുത്ത ദിവസംതന്നെ അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടക്കത്തിൽ നടപടിയൊന്നുമുണ്ടായില്ല. കുറ്റാരോപിതൻ തന്റെ ഇന്റേൺഷിപ് സർട്ടിഫിക്കറ്റുകൾ തടയുമോയെന്ന് ഭയന്നാണ് കൂടുതൽ പരാതിപ്പെടാൻ തയാറാവാതിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെ വിദേശത്തുള്ള ഇവർ ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി അധികൃതർക്കും ഇ-മെയിൽ വഴി പരാതി നൽകി. ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി വകുപ്പ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.
കുറ്റാരോപിതനായ ഡോക്ടർക്കെതിരെ കേസെടുത്തതായി എറണാകുളം സെൻട്രൽ സി.ഐ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തുന്നതുൾെപ്പടെ നടപടികൾ അടുത്ത ദിവസങ്ങളിൽ സ്വീകരിക്കും. തൽക്കാലം അവർ നേരിട്ട് ഹാജരാവേണ്ടതില്ലെന്നും നടപടികളുടെ ഭാഗമായി ഭാവിയിൽ എത്തേണ്ടിവരുമെന്നും സി.ഐ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.