'നരൻ' സ്റ്റൈലിൽ തടി പിടിക്കാൻ ആറ്റിൽ ചാടിയ യുവാക്കൾക്കെതിരെ കേസ്
text_fieldsവടശ്ശേരിക്കര (പത്തനംതിട്ട): റെഡ് അലർട്ട് നിലനിന്ന സമയം മലവെള്ളപ്പാച്ചിലിനിടെ ഒഴുകിവന്ന തടി പിടിക്കാൻ ആറ്റിൽ ചാടിയ യുവാക്കൾക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽനിന്ന് ഇരുകര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർ മലവെള്ളപ്പാച്ചിലിനെയും വെല്ലുവിളിച്ച് സിനിമ സ്റ്റൈലിൽ ആറ്റിൽ ചാടിയത്.
ഡാമുകൾ തുറന്നതിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കക്കാട്ടാറ്റിലൂടെ മൂടോടെ ഒഴുകിവന്ന കൂറ്റൻ മരം കരക്കടുപ്പിക്കാൻ ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളിൽ ഇരുന്നായിരുന്നു യാത്ര. തടി കരക്കടുപ്പിക്കാൻ കഴിയാതായതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്കു നീന്തുകയായിരുന്നു.
കരക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയത്. നരൻ സിനിമയിലെ പാട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ. തടിയുടെ മുകളിൽ കയറി കുറച്ചുദൂരം യുവാക്കൾ യാത്ര ചെയ്യുന്നതും വിഡിയോയിൽ കാണാമായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും നാനാഭാഗത്തുനിന്ന് വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.