കപ്പൽ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം മൂന്നുപേർക്കെതിരെ കേസ്
text_fieldsചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പലിടിച്ച് പൊന്നാനി സ്വദേശികളായ രണ്ടു തൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള സാഗർ യുവരാജ് എന്ന കപ്പലിലെ ക്യാപ്റ്റൻ, അസി. ക്യാപ്റ്റൻ, വാച്ച് ടവർ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ എന്നിവർക്കെതിരെയാണ് മുനക്കക്കടവ് പൊലീസ് കേസെടുത്തത്.
കൊച്ചിൻ മറൈൻ മെർക്കന്റയിൽ ഡിപ്പാർട്മെന്റിൽനിന്നുള്ള റിപ്പോർട്ടിന് ശേഷമാണ് മറ്റു നടപടികളുണ്ടാവുകയെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
എടക്കഴിയൂർ തീരത്തുനിന്ന് 11.5 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ലക്ഷദ്വീപിലേക്ക് പോവുകയായിരുന്ന കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചത്. സംഭവത്തിൽ പൊന്നാനി സ്വദേശികളായ പള്ളിപ്പടി സ്വദേശി പീക്കിന്റെ വീട്ടിൽ അബ്ദുൽ ഗഫൂർ (49), അഴീക്കൽ കുറിയമാക്കാനകത്ത് അബ്ദുൽ സലാം (42) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ മറ്റു നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത കപ്പൽ കൊച്ചിയിലേക്ക് മാറ്റിയിരുന്നു. 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.