വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്
text_fieldsതളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനും എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇരകളായ സുഹൃത്തുക്കൾ നടത്തിയ തന്ത്രപരമായ നീക്കത്തിൽ രമേശൻ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
ഞായറാഴ്ച വൈകീട്ട് വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനായ വിദ്യാർഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരിൽ ചിലരും രമേശന്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസ്സിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും പീഡനത്തിനിരയായ വിദ്യാർഥിയെക്കൊണ്ട് രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
കുട്ടികളൊരുക്കിയ കെണി മനസ്സിലാകാതെ രമേശൻ തന്റെ കൂട്ടുകാരൻ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും ഫോണിൽ വിളിച്ച് സ്ഥലത്തെത്താൻ നിർദേശിച്ചു. സ്ഥലത്തെത്തിയ രമേശനെ കുട്ടികൾ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. സ്ഥലത്തെത്തിയ അനീഷ് പന്തികേട് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ രക്ഷിതാക്കളും നാട്ടുകാരിൽ ചിലരും ചേർന്ന് രമേശനെ പൊലിസിൽ ഏൽപ്പിക്കുകയുമായിരുന്നു.
രമേശനെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ട് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയത്. 17 കാരനെ പീഡിപ്പിച്ച കേസിൽ രമേശനെതിരെയും മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രമേശനും അനീഷിനുമെതിരെയുമാണ് കേസുകൾ.
ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കി
കണ്ണൂർ: പ്രതികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ നിന്നും അറിയിച്ചു. സി.പി.എമ്മിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന വിധം പെരുമാറിയെന്ന് വ്യക്തമാക്കിയാണ് നടപടി. തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സി. രമേശന്‍. മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പി. അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.