ലൈംഗിക അധിക്ഷേപ പരാമർശം: വിജയ് പി.നായർക്കെതിരെ കേസെടുത്തു
text_fieldsതിരുവന്തപുരം: യൂട്യൂബ് ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ് പി.നായർക്കെതിരെ കേസെടുത്തു. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തതെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.
യുട്യൂബിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചയാളെ ലോഡ്ജിൽ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദിച്ചിരുന്നു. ഇയാൾക്കെതിരെ മഷിപ്രയോഗം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തു. വിജയ് നായർ മാസങ്ങൾക്കുമുമ്പ് യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയില്‍ ഒരു പ്രമുഖ കവയിത്രിയെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെയും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്റ്റുകളെ ഒന്നടങ്കം മോശമായി പരാമര്‍ശിക്കുന്നതായിരുന്നു വിഡിയോ.
കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് വിഡിയോ വൈറലായത്. യുട്യൂബിൽനിന്ന് വിഡിയോ നീക്കം ചെയ്യണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിജയ് നായര്‍ താമസിക്കുന്ന ഗാന്ധാരിഅമ്മൻ കോവിൽ റോഡിലെ ശ്രീനിവാസ ലോഡ്ജില്‍ എത്തിയത്. അകത്തേക്ക് തള്ളിക്കയറിയ ഇവര്‍ വിജയിെൻറ ദേഹത്ത് മഷി ഒഴിച്ചശേഷം തടഞ്ഞുെവച്ച് മർദിച്ചു. തുടർന്ന് ഇവർ ആവശ്യപ്പെട്ടപ്രകാരം വിഡിയോയിലെ മോശം പരാമർശത്തിൽ ഇയാൾ ഖേദപ്രകടനം നടത്തി. മാപ്പ് പറയുന്ന വിഡിയോ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഇവർ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.
ശ്രീലക്ഷ്മിയുടെ പരാതിയില്‍ സൈബര്‍ നിയമപ്രകാരം സ്ത്രീകളെ അപമാനിച്ചതിന് തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമൻ പീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ ആർ.എസ്.എസിെൻറ കേസരിയിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്. മര്‍ദനമേറ്റെങ്കിലും പരാതിയില്ലെന്നും തെറ്റുപറ്റിയെന്നും വിജയ് നായര്‍ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.