ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം, പിന്നില്‍ ഗൂഢാലോചന -ടി. സിദ്ദിഖ്
text_fieldsകോഴിക്കോട്: ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യക്കെതിരായ കേസ് സത്യസന്ധമല്ലാത്തതും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേസിനാസ്പദമായ സംഭവം നടന്നതായി എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16ഉം ഏപ്രില്‍ 19ഉം ആണ്. എന്നാല്‍, ഈ സമയത്ത് ഭാര്യ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ല. ആ സമയത്ത് അവിടെ പ്രവര്‍ത്തിച്ചെന്ന് തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയെയും വെല്ലുവിളിക്കുകയാണ്. എന്തിന്റെ അടിസ്ഥാനത്തിൽ, ഏത് ധാരണയുടെ അടിസ്ഥാനത്തിൽ, ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കാൻ പൊലീസിനും പരാതിക്കാരിക്കും ധാർമിക ഉത്തരവാദിത്തമുണ്ട്’ -ടി. സിദ്ദീഖ് പറഞ്ഞു.
‘സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല പോകുന്നത് എന്ന മനസ്സിലാക്കിയപ്പോൾ ഭാര്യ അവിടെനിന്ന് രാജിവെച്ചു. 2022 ഡിസംബർ എട്ടിന് രാജിവെച്ചുകൊണ്ടുള്ള മെയിൽ ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. 2022ൽ രാജിവെച്ച വ്യക്തിക്കെതിരെ 2023ലെ നിക്ഷേപവുമായി ബന്ധപ്പെട്ട് കേസെടുത്തത് ഗൂഢാലോചനയുടെ കൃത്യമായ തെളിവാണ്. കള്ളക്കേസെടുത്തും വ്യാജമായി പേരുകള്‍ എഴുതിച്ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പൊലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരിത്തേക്കാനും ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്ന് ഭരണകൂടത്തോടും പൊലീസിനോടും സി.പി.എമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിധി ലിമിറ്റഡിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ ടി. സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസ അടക്കം അഞ്ചുപേർക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.
സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കിയില്ലെന്നാണ് പരാതി. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനമെന്നും പിന്നീട് കബളിപ്പിക്കപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.