ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മഗ്‌നീഷ്യം ഇടപാട് കേസിൽ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നൽകിയതായി സൂചന. ടോം ജോസിനെ സർവീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശ തള്ളിക്കൊണ്ടാണ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും.
ചവറ കെ.എം.എം.എല്ലിലെ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് ടോം ജോസ് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ആയിരുന്നു എ.ജി യുടെ റിപ്പോര്‍ട്ട്. കേസിൽ വിശദ റിപ്പോര്‍ട്ട് വിജിലൻസ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ അദ്ദേഹം നിയമ സെക്രട്ടറിയുടെ അഭിപ്രായം തേടുകയായിരുന്നു. ടോം ജോസിനെതിരെ നടപടിയെടുക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന നിയമോപദേശം പരിഗണിച്ചാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2014-15 കാലയളവിൽ ടോം ജോസ് ചവറ കെ.എം.എം.എല്ലില്‍ മാനേജിങ് ഡയറക്ടറായിരുന്നപ്പോഴാണ് അനധികൃതമായി മഗ്‌നീഷ്യം ഇറക്കുമതി ചെയ്തതായി എ.ജി കണ്ടെത്തിയത്. മഗ്‌നീഷ്യം ഇടപാട് കേസിന് പുറമെ അനധികൃത സ്വത്ത് സമ്പാദന കേസിലും ടോം ജോസിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.