വിദ്യാർഥികളെ കുത്തിയ ബസ് ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsകൊച്ചി: കൊച്ചിയിൽ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ വധശ്രമത്തിനു കേസെടുത്തു. എറണാകുളം-പൂച്ചാക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന മംഗല്യ ബസിലെ മൂന്ന് ജീവനക്കാർക്കെതിരേയാണ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തത്. ഡോർ ചെക്കർ പൂച്ചാക്കൽ പനവേലിൽ ലക്ഷംവീട് താഹിർ മൻസിലിൽ അബുതാഹിർ (22), കണ്ടക്ടർ പാണാവള്ളി തച്ചാപറമ്പിൽ നികർത്തിൽ അഭിജിത് (23), ഡ്രൈവർ അരൂക്കുറ്റി വടുതല പുതിയപുരക്കൽ അജീഷ് (26) എന്നിവരെ ഇന്നലെ കംഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച വൈകീട്ട് മരട് ഐ.ടി.ഐയിലെ ഏഴു വിദ്യാർഥികൾക്കാണു ബസ് ജീവനക്കാരുടെ കുത്തേറ്റത്. വിദ്യാർഥികളെ കയറ്റാതെയും സ്റ്റോപ്പിൽ നിർത്താതെയും പോകുന്ന ബസ്, സംഘടിച്ചെത്തിയ വിദ്യാർഥികൾ തടഞ്ഞിട്ട് ചോദ്യം ചെയ്തു. വിദ്യാർഥികൾ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോെട്ടടുത്തു. ഇൗ സമയത്താണ് വിദ്യാർഥി താഴെ വീണത്. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാർ കൂടുതൽ പ്രകോപിതരാവുകയായിരുന്നു. ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
ആക്രമണത്തിൽ നെഞ്ചത്ത് കുത്തേറ്റ അരുൺ അലക്സ് (20), കൈക്ക് മുറിവേറ്റ അതുൽ (19) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. േജ്യാതിഷ് (19), ജോഷി (18), അഭിജിത് (20), വിഷ്ണുരാജ് (19), ഗോകുൽ (19), ഗൗതം കൃഷ്ണ (19) എന്നിവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ഐടിഐ വിദ്യാർഥികൾ കയറുന്ന സ്റ്റോപ്പിൽ ഈ ബസ് നിർത്തിയിരുന്നില്ല. ഇത് പലപ്പോഴും തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും വഴി മാറിയിരുന്നു. ഇതോടെ വിദ്യാർഥികൾ സംഘടിച്ചെത്തി ബസ് തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്. വിദ്യാർഥികൾ ബസ് തടഞ്ഞതോടെ ക്രുദ്ധരായ ജീവനക്കാർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.