സർക്കാറും യു.എൽ.സി.സിയും തമ്മിൽ കേസ്; 12 റോഡുകളുടെ നിർമാണം മുടങ്ങി
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാറും ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി (യു.എൽ.സി.സി)യും തമ്മിൽ ഹൈകോടതിയിൽ വ്യവഹാരം നടക്കുന്നതിനാൽ കേരളത്തിൽ മുടങ്ങിക്കിടക്കുന്നത് കിഫ്ബിയുടേത് ഉൾപ്പെടെ 12 പ്രധാന റോഡുകളുടെ പ്രവൃത്തികൾ.
കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതും കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ടെൻഡർ ചെയ്തതുമായ ഏഴു റോഡുകളും ഇതിൽപെടും. ടെൻഡർ ചെയ്ത് കരാറുകാരനെ നിശ്ചയിച്ചെങ്കിലും ഹൈകോടതി ഇടപെടലിന്റെ പേരിൽ കരാർ നടപടികൾ പൂർത്തിയാക്കാനാവാതെ മുടങ്ങിക്കിടക്കുകയാണ് പദ്ധതികൾ. ഹൈകോടതി ഇടപെടലുണ്ടായതിനാൽ ഈ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താനും പറ്റുന്നില്ല.
കിഫ്ബിയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ കളൻതോട്-കൂളിമാട് റോഡ്, തൊട്ടിൽപ്പാലം-തലയാട് റോഡ്, കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ചെരിക്കൽ-കോട്ടാം പാലം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്-ചിന്നത്തടാകം റോഡ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം-മൂലേപാടം ബ്രിഡ്ജ് റോഡ്, കാളികാവ്-ചിറക്കൽ റോഡ്, പത്തനംതിട്ട ഏഴാംകുളം-കൈപ്പത്തൂർ റോഡ് എന്നിവയുടെ പ്രവൃത്തികളാണ് നിലച്ചത്. നാലു മാസത്തോളമായി പ്രവൃത്തി മുടങ്ങിയിട്ട്. 40 മുതൽ 100 കോടി വരെയുള്ളതാണ് ഓരോ പ്രവൃത്തിയും. ഇതു കൂടാതെ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച അഞ്ച് റോഡുകളുടെയും പണി തടസ്സപ്പെട്ടിട്ടുണ്ട്.ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് സർക്കാർ അനുവദിച്ചിരുന്ന ടെൻഡർ ആനുകൂല്യങ്ങൾ ഇടക്കാലത്ത് പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വ്യവഹാരങ്ങളാണ് പ്രവൃത്തിക്ക് തടസ്സമായത്. ടെൻഡറിൽ പങ്കെടുക്കുന്ന സൊസൈറ്റികൾക്ക് 10 ശതമാനം 'പ്രൈസ് പ്രിഫറൻസ്' ആനുകൂല്യം നിലവിലുണ്ടായിരുന്നു.
ഈ ആനുകൂല്യം ലഭിക്കാൻ സംസ്ഥാനത്ത് ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപവത്കരിച്ച് ടെൻഡറിൽ പങ്കെടുക്കൽ വ്യാപകമായതോടെ സാധാരണ കരാർ കമ്പനികൾ പരാതിയുമായി സർക്കാറിനെ സമീപിച്ചു. ഇതോടെ സർക്കാർ ആനുകൂല്യം ഇടക്കാലത്ത് ഒഴിവാക്കി. എന്നാൽ, സമ്മർദത്തെ തുടർന്ന് 2022 ജൂലൈ 29ന് ആനുകൂല്യം പുനഃസ്ഥാപിച്ചു. ഇക്കാലയളവിൽ പൊതുമരാമത്ത് ടെൻഡർ നടപടികളിൽ അയോഗ്യരായ യു.എൽ.സി.സി റീ ടെൻഡർ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതാണ് നിയമക്കുരുക്കിനിടയാക്കിയത്.
ഹൈകോടതിയിൽ ഈ കേസ് ഇഴഞ്ഞുനീങ്ങുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്ന പരാതിയുമുണ്ട്. സർക്കാറുമായി ചേർന്നുനിൽക്കുന്ന കരാർ കമ്പനി തന്നെയാണ് കോടതിവ്യവഹാരങ്ങളുമായി മുന്നോട്ടുപോവുന്നത്. മഴക്കാലം മാറിയ സ്ഥിതിക്ക് എത്രയും പെെട്ടന്ന് പ്രവൃത്തി ആരംഭിച്ചാലേ അടുത്ത മഴക്കുമുമ്പ് പൂർത്തിയാക്കാനാവൂ. കടുത്ത ദുരിതമനുഭവിച്ചാണ് പ്രവൃത്തി മുടങ്ങിയ റോഡുകളിലൂടെ ജനം സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.