എം.എൽ.എയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽനിന്ന് പണം തട്ടി; മുൻ പി.എക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്‍റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ച് നിയമസഭയിൽനിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസ് തട്ടിയെടുത്ത സംഭവത്തിൽ എം.എൽ.എയുടെ മുൻ പി.എ മസൂദ് കെ. വിനോദിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
നിയമസഭയിൽ നിന്നും ലഭ്യമാക്കിയ വിവരാവകാശരേഖ പ്രകാരം യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വ്യാജരേഖ ചമക്കൽ, വഞ്ചനകുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2021 ജൂൺ ഒന്നുമുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ എം.എൽ.എയുടെ പേഴ്സൽ സ്റ്റാഫായി സേവനം അനുഷ്ഠിച്ചിരുന്ന മസൂദ്, നിയമസഭ സമ്മേളന സമയത്ത് സഭയിൽ എത്താതെ പങ്കെടുത്തെന്ന വ്യാജേന എം.എൽ.എയുടെ വ്യാജ ഒപ്പിട്ട് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ കൈപ്പറ്റിയതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
എം.എൽ.എ ഓഫിസിലെ പ്രവർത്തനങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയതോടെ 2024 ജനുവരിയോടെ മസൂദിനെ പേഴ്സനൽ സ്റ്റാഫിൽനിന്ന് എം.എൽ.എ പുറത്താക്കിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്ക് മുമ്പാകെ എം.എൽ.എ പരാതി നൽകിയിട്ടും ജില്ല നേതൃത്വം മസൂദിനെ സംരക്ഷിച്ചെന്ന അക്ഷേപവും പ്രവർത്തകർക്കിടയിലുണ്ട്. ചാഴൂർ സ്വദേശിയായ മസൂദ്, വി.എസ്. സുനിൽകുമാർ മന്ത്രിയും എം.എൽ.എയും ആയിരുന്നപ്പോഴും പേഴ്സനൽ അസിസ്റ്റന്‍റായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.