വൈരാഗ്യം തീർക്കാൻ വനിത ഇൻഫോർമർക്കെതിരെ ഇല്ലാകേസ്; റേഞ്ച് ഓഫിസറെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: തന്നെ അറിയിക്കാതെ വനം ഇന്റലിജൻസിന് വിവരം കൈമാറിയതിന് വനം ഇൻഫോർമറായ വനിതയെ ഇല്ലാത്ത കേസിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത റെയിഞ്ച് ഓഫിസർക്കെതിരെ നടപടി. കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റെയിഞ്ചിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ്കുമാറിനെ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷനിലെ അച്ചൻകോവിൽ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. ഇദ്ദേഹം ചെയ്തത് ഗുരുതരമായ കൃത്യവിലോപമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജലൻസ്) നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി.
വനംവകുപ്പിന് കീഴിൽ എല്ലാ ജില്ലകളിലും ചെറിയ സാമ്പത്തിക സഹായത്തിന് പ്രവർത്തിക്കുന്ന വനം ഇൻഫോർമർമാരുണ്ട്. വനമേഖലകളിൽ താമസിക്കുന്നവരാകും ഇവർ. വനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും മറ്റും അറിയിക്കുകയാണ് ചുമതല. ഇതിൽ ഉൾപ്പെട്ട വനിതയെയാണ് കേസിൽപെടുത്തിയത്. രണ്ടാഴ്ച മുമ്പ് താമരശേരി റെയിഞ്ചിന് കീഴിൽ മാൻതോലുമായി രണ്ടുപേരെ കണ്ടുവെന്ന വിവരം ഈ വനിത വനം ഇന്റലിജൻസിന് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റുചെയ്തു. ഈ വിവരം അവിടത്തെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയോ, റെയിഞ്ച് ഫോറസ്റ്റ് ഓഫിസറെയോ അറിയിക്കാതെ ഇന്റലിജൻസിനെ അറിയിച്ചതാണ് റെയിഞ്ച് ഓഫിസറെ ചൊടിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുമ്പുള്ള ഒരു കേസ് പൊടിതട്ടിയെടുത്തു. അതിൽ അന്ന് അറസ്റ്റിലായ പ്രതികളെ കൂടാതെ ഈ വനിതയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വരുത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അർധരാത്രി ഈ വനിതയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ അതിന്മേൽ അന്വേഷണം നടത്തുകയോ കസ്റ്റഡിയിൽ എടുക്കുംമുമ്പ് ഒരു നോട്ടീസ് നൽകുകയോ ചെയ്തില്ലെന്നാണ് പ്രധാന പരാതി. അതിന്റെ അടിസ്ഥാനത്തിൽ വനം വിജിലൻസ് നടത്തിയ അന്വേഷണത്തിലും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ചെയ്തത് ഗുരുതര കൃത്യവിലോപമെന്നും ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.