ലോറിയിടിച്ച് യുവാവ് മരിച്ച കേസ്: രണ്ടു കോടി നഷ്ടപരിഹാരം നൽകണം
text_fieldsതലശ്ശേരി: സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ച കേസിൽ കുടുംബത്തിന് നാഷനൽ ഇൻഷുറൻസ് കമ്പനി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ കോടതി വിധിച്ചു. 2019 ഫെബ്രുവരി 13ന് സ്കൂട്ടറിൽ യാത്ര ചെയ്യവെ പള്ളിക്കുന്നിലെ പി.എം. സുജേഷ് കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ വെച്ച് ടി.എൻ 28 ബി.ബി 9475 നമ്പർ ലോറിയിടിച്ച് മരിച്ച കേസിൽ ലോറിയുടെ ഇൻഷുറൻസ് കമ്പനിയായ നാഷനൽ ഇൻഷുറൻസ് 1,35,39,000 രൂപയും ഹരജി ഫയൽ ചെയ്ത തീയതി മുതൽ എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം രണ്ട് കോടിയിലേറെ രൂപ ഹരജിക്കാർക്ക് നൽകണമെന്നാണ് വിധി. സുജേഷിന്റെ അവകാശികളായ ഭാര്യ ഷീന, മകൻ അങ്കിത്ത്, മാതാവ് ചന്ദ്രമതി എന്നിവർ അഡ്വ. കെ.ആർ. സതീശൻ മുഖേന ഫയൽചെയ്ത ഹരജിയിൽ ജഡ്‌ജ് ടി. നിർമലയാണ് വിധി പ്രസ്താവിച്ചത്. ഭാര്യയെ സ്കൂട്ടറിന് പിറകിലിരുത്തി പള്ളിക്കുന്ന് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വിദേശ കമ്പനിയിൽ ജോലിയുണ്ടായിരുന്ന സുജേഷ് അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.