ഗർഭിണിയെയും ഏഴു വയസ്സുകാരനെയും കൊന്ന കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
text_fieldsമഞ്ചേരി: കാടാമ്പുഴയിൽ പൂര്‍ണഗര്‍ഭിണിയെയും ഏഴു വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. വെട്ടിച്ചിറ പുന്നത്തല സ്വദേശി ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.
കാടാമ്പുഴ പല്ലിക്കണ്ടം മരക്കാറിെൻറ മകൾ വലിയപീടിയേക്കല്‍ വീട്ടിൽ ഉമ്മുസല്‍മ (26), ഏക മകന് മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മുസൽമയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം തടവ് അനുഭവിക്കണം. ദിൽഷാദിനെ കൊലപ്പെടുത്തിയതിനും സമാന ശിക്ഷയാണ്. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. ആദ്യം 10 വർഷം ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം കണക്കാക്കൂവെന്നും കോടതി വിധിയിൽ പറഞ്ഞു. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് അനുഭവിക്കണം.
വാദം പൂർത്തിയായ ശേഷം, എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. 2017 മേയ് 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നിർമാണ തൊഴിലാളിയായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസല്‍മയുമായി അടുപ്പത്തിലായത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും ശരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ശരീഫ് രഹസ്യ ബന്ധം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്ന് ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കേസ്. 53 സാക്ഷികളെയും 57 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.