നീതുവിന്‍റെ പേരിലെ വ്യാജ കത്ത്: ഉറവിടം തേടിയുള്ള അനിൽ അക്കരയുടെ പരാതിയിൽ കേസെടുത്തു
text_fieldsവടക്കാഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയുടെ ഉപഭോക്താവ് എന്ന രീതിയിൽ മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി കത്തെഴുതിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വ്യാജ കത്തിന്‍റെ ഉറവിടം തേടി അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് എം.എൽ.എ വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു. ലൈഫ് മിഷൻ അഴിമതിക്കെതിരെ അനിൽ അക്കരയാണ് രംഗത്തുവന്നത്,
ഇതിന് പിന്നാലെ നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക് വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്ബുക് ലൈവിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, കത്തെഴുതിയ നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക് വീട് നൽകുവാനുമായി എം.എല്‍.എയും രമ്യഹരിദാസ് എം.പിയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ രണ്ടര മണിക്കൂർ കാത്തുനിന്നു. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല.
''സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത്''- എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.