മേയറുടെ മൊഴിയിൽ കേസെടുത്തെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിക്ക് നഗരസഭ അധ്യക്ഷയുടെ ലെറ്റർപാഡിൽ അയച്ചെന്ന് പറയപ്പെടുന്ന കത്ത് വ്യാജമാണെന്ന മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈകോടതിയിൽ. തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ ആവശ്യപ്പെട്ട് കത്തയച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹരജിയിലാണ് ഈ വിശദീകരണം. മാധ്യമ ശ്രദ്ധ നേടാനാണ് ഇത്തരമൊരു ഹരജിയെന്നും സർക്കാറിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. കത്ത് വ്യാജമാണെന്ന മേയർ ആര്യ രാജേന്ദ്രന്റെ വിശദീകരണവും കേസിലെ എഫ്.ഐ.ആറും കോടതിയിൽ ഹാജരാക്കി.
കോടതിക്ക് മുന്നിലുള്ള വസ്തുതകൾ മാത്രമാണ് പരിഗണിക്കപ്പെടുകയെന്നും മാധ്യമ വാർത്തകൾക്ക് സ്ഥാനമില്ലെന്നും ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ. ബാബു പറഞ്ഞു. കോർപറേഷന്റെ മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന വാദവും ഡി.ജി.പി ഉന്നയിച്ചെങ്കിലും ഇത് ഇപ്പോൾ പരിഗണനയിലുള്ള വിഷയമല്ലെന്ന് കോടതി പ്രതികരിച്ചു. തുടർന്ന് ഹരജി നവംബർ 30ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്നും സി.ബി.ഐക്ക് വിടുന്നില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
കൂടുതൽ ജീവനക്കാരുടെ മൊഴിയെടുത്തു
തിരുവനന്തപുരം: നിയമനക്കത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ കൂടുതൽ ജീവനക്കാരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കത്തിന്റെ ഉറവിടം, ലെറ്റർഹെഡ് എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താൻ നാല് ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോർപറേഷൻ ഓഫിസിലാണ് കത്തിന്റെ ഒറിജിനൽ തയാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള മൊഴിയെടുപ്പ്. കഴിഞ്ഞദിവസം പരാതിക്കാരിയായ മേയർ ആര്യ രാജേന്ദ്രന്റെയും ഓഫിസിലെ രണ്ട് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു.
ലെറ്റർഹെഡ് ഉപയോഗിച്ച് കത്ത് വ്യാജമായി തയാറാക്കിയതാണെന്ന മൊഴിയാണ് മേയർ ഉൾപ്പെടെ നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ ഓഫിസിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. എന്നാൽ, കത്ത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഉൾപ്പെടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. സി.പി.എം ജില്ല സെക്രട്ടറിക്കാണ് കോർപറേഷനിലെ 295 തസ്തികകളിലേക്കുള്ള നിയമനത്തിനായി പട്ടിക ആവശ്യപ്പെട്ട മേയറുടെ പേരിലുള്ള കത്ത്. ഇത്തരത്തിലൊരു കത്തും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ സമയത്ത് ആനാവൂർ നൽകിയ മൊഴി.
അതിനിടെ കത്ത് പ്രചരിച്ച വാട്സ്ആപ് ഗ്രൂപ് കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങും. മെഡിക്കൽ കോളജ് ഭാഗത്തുള്ള വാട്സ്ആപ് ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.