ദിവ്യയുടെയും പമ്പ് ഉടമയുടെയും ആരോപണത്തിൽ ദുരൂഹതയെന്ന് നവീൻ ബാബുവിന്‍റെ സഹോദരൻ; പൊലീസിൽ പരാതി നൽകി
text_fieldsകണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ച സി.പി.എം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യക്കും പമ്പ് ഉടമ പ്രശാന്തിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്‍റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു. ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണൂർ ടൗൺ പൊലീസിൽ പ്രവീൺ ബാബു പരാതി നൽകി.
ഇന്നലെ രാത്രിയാണ് പ്രവീൺ ബാബു പൊലീസിൽ പരാതി നൽകിയത്. നവീൻ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സഹോദരൻ സർവീസിൽ മോശം ട്രാക്ക് റെക്കോർഡ് ഉള്ള ആളല്ല. അതുകൊണ്ട് സഹോദരനെ അഴിമതിക്കാരനാക്കുന്നത് ശരിയല്ല.
വിളിക്കാത്ത സദസിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലാത്ത ആരോപണം പൊതുമധ്യത്തിൽ എന്തിന് ഉന്നയിച്ചെന്ന് അറിയണം. ആരോപണം ഉന്നയിച്ചതിൽ പെട്രോൾ പമ്പ് ഉടമയുടെ പങ്ക് എന്താണ്. സഹോദരന് ജീവനൊടുക്കേണ്ടി വന്നതിന്‍റെ കാരണം കണ്ടെത്തണമെന്നും പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ടൗൺ പൊലീസ് നിലവിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയെന്ന നിലക്ക് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു ദിവ്യ പ്രസംഗം തുടങ്ങിയത്. ജില്ല കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിട്ടു.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.