സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കേസെടുക്കണം -കെ. സുരേന്ദ്രൻ
text_fieldsകാസർകോട്: ഗണപതി ഭഗവാനെ മനപ്പൂർവം അപമാനിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കാസർകോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണപതി മിത്ത്, അള്ളാഹു വിശ്വാസം എന്ന് താൻ പറഞ്ഞില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. വിശ്വാസികളുടെ രോഷം ഭയന്ന് മലക്കംമറിയുകയാണ് അദ്ദേഹം. ഗണപതി മിത്താണെന്നു പറഞ്ഞത് ഗോവിന്ദൻ തിരുത്തിയാൽ പോര അതിൽ ഉറച്ചുനിൽക്കുന്ന സ്പീക്കർ എ.എൻ. ഷംസീർ മാപ്പുപറയുകയും വേണം.
ഗോവിന്ദൻ ഗണപതിയെ അപമാനിച്ചതും ഇസ്‍ലാം മതത്തെ പുകഴ്ത്തിയതും എല്ലാവരും കേട്ടതാണ്. തന്റെ വാക്കുകൾകൊണ്ട് ഹിന്ദു സമൂഹത്തിനേറ്റ മുറിവിന് അദ്ദേഹം മാപ്പുപറയുകയാണ് വേണ്ടത്. ബഹുദൈവ വിശ്വാസം മോശമാണെന്ന ജമാഅത്തെ ഇസ്‍ലാമിയുടെ വാദം തന്നെയാണോ സി.പി.എമ്മിനുമുള്ളതെന്ന് പാർട്ടി സെക്രട്ടറി പറയണം. ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഉറച്ചുനിൽക്കുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിൽ ഒരിടത്തും പാഠ്യപദ്ധതിയിൽ ശാസ്ത്രത്തിന് പകരം വിശ്വാസം പഠിപ്പിക്കുന്നില്ല. പിന്നെങ്ങനെയാണ് എ.എൻ. ഷംസീറിന് ഇങ്ങനെയൊരു വിവരം കിട്ടിയത്. ശാസ്ത്രത്തെ ശാസ്ത്രമായും വിശ്വാസത്തെ വിശ്വാസമായും കാണാൻ കഴിയുന്നവരാണ് ബി.ജെ.പിക്കാർ.
പിണറായി വിജയൻ സ്പീക്കറുടെ മതനിന്ദക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ആസൂത്രിതമായ ഹിന്ദുവേട്ടയാണ്. ഹിന്ദു ദൈവങ്ങൾ മിത്താണെങ്കിൽ സി.പി.എം എന്തിനാണ് ക്ഷേത്രഭരണം ഏറ്റെടുക്കുന്നത്. സർക്കാറിന്റെ ഹിന്ദുവേട്ടക്കതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാൻ ഓൺലൈനിൽ ചേർന്ന ബി.ജെ.പി കോർകമ്മിറ്റി തീരുമാനിച്ചതായും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.