കോഴവിവരം മറച്ചുവെച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത് -വി.ഡി സതീശൻ
text_fieldsമലപ്പുറം: എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ സംഘ്പരിവാര്‍ മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴ വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇടതു മുന്നണിയിലെ ഒരു എം.എല്‍.എ മറ്റു രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സംഘ്പരിവാര്‍ മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. പൊയ്‌ക്കോട്ടെന്നു കരുതിയാണോ മിണ്ടാതിരിക്കുന്നത്. സംഘ്പരിവാര്‍ മുന്നണിയിലെ കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി ഇപ്പോഴും ഇടതു മുന്നണിയിലുണ്ട്. ബോംബെയിലെ അജിത് പവാറിന്‍റെ സംഘ്പരിവാര്‍ മുന്നണിയിലേക്ക് രണ്ട് എം.എല്‍.എമാരെ കൊണ്ടു പോകാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും ഒരു അന്വേഷണം നടത്താന്‍ പോലും തയാറായിട്ടില്ല.
സ്വന്തക്കാരെ സംരക്ഷിക്കാനും ചേര്‍ത്തു നിര്‍ത്താനും മുഖ്യമന്ത്രി എല്ലാവര്‍ക്കും കുടപിടിച്ചു കൊടുക്കുന്നു. അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്. കോഴ സംബന്ധിച്ച് ആദ്യം വിവരം കിട്ടിയ മുഖ്യമന്ത്രി അത് ഒളിച്ചുവച്ചു. കോഴ വിവരം പൊലീസിലേക്ക് കൈമാറാതെ ഒളിച്ചു വച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. മുഖ്യമന്ത്രി സംഘ്പരിവാറിനെ ഭയന്നാണ് ഒന്നും ചെയ്യാതെ നില്‍ക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനായി നില്‍ക്കുകയാണ്. കേരളത്തിലെ സി.പി.എമ്മിനെ പിണറായി വിജയന്‍ സംഘ്പരിവാറിന്‍റെ തൊഴുത്തില്‍ കെട്ടിയിരിക്കുകയാണ്.
സംഘ്പരിവാറിന് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും പിണറായി വിജയന്‍ ചെയ്യില്ല. അവരെ ഭയന്നാണ് പിണറായി വിജയന്‍ ഭരണം നടത്തിക്കൊണ്ടു പോകുന്നത്. കേന്ദ്ര ഏജന്‍സികളുടെ കേസുകളാണ് പിണറായിയെ ഭയപ്പെടുത്തുന്നത്. അതിനു വേണ്ടിയാണ് എ.ഡി.ജി.പി അജിത്കുമാറിനെ ദൂതനാക്കി ആര്‍.എസ്.എസ് നേതാക്കളുടെ അടുത്തേക്ക് വിട്ടതും പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിച്ചതും ബിസിനസ് നടത്തിയ ഇ.പി ജയരാജനെ തള്ളിപ്പറയാതിരുന്നതും ജാവദേക്കറെ കണ്ടാല്‍ എന്താണ് കുഴപ്പമെന്നുമൊക്കെ ചേദിച്ചത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. എന്നിട്ടാണ് പുറത്തുവന്ന് മതേതരത്വം പറയുന്നത്.
എ.ഡി.എമ്മിനെ കൊലപ്പെടുത്തിയ കേസില്‍ പി.പി ദിവ്യയെ പാര്‍ട്ടി പൂര്‍ണമായും സംരക്ഷിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി നവീന്‍ ബാബുവിന്‍റെ കുടുംബത്തില്‍ പോയി ഒപ്പമുണ്ടെന്നു പറയുമ്പോഴും സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവുമാണ് പ്രതിയെ സംരക്ഷിക്കുന്നത്. അവരാണ് ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസിനെ അനുവദിക്കാത്തത്. എ.ഡി.എമ്മിന്‍റെ മരണശേഷം അദ്ദേഹം അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടിയുള്ള വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്‍ററിലാണ്.
എ.കെ.ജി സെന്‍ററിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും കള്ളപരാതി ഉണ്ടാക്കിയതില്‍ പങ്കുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ അതു ചെന്ന് എത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും എ.കെ.ജി സെന്‍ററിലുമായിരിക്കും. പ്രശാന്തന്‍റെ കള്ള ഒപ്പിട്ട് പരാതി ഉണ്ടാക്കിയതിലൂടെ ആത്മഹത്യ ചെയ്ത പാവം മനുഷ്യന്‍റെ കുടുംബത്തെ അപമാനിക്കുകയും പരിരിഹസിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
ഏതെല്ലാം ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ഞങ്ങളോട് ചോദിക്കുന്നത്. ഞങ്ങളൊക്കെ സ്‌നേഹത്തോടും സംയമനത്തോടുമാണ് സംസാരിക്കുന്നത്. പരിഭവമുണ്ടെങ്കില്‍ നിങ്ങളോട് പറയും. പക്ഷെ ഇന്നലെ സി.പി.എം നേതാവ് ഉപയോഗിച്ച ഭാഷ മുകളില്‍ മുതല്‍ താഴെത്തട്ട് വരെയുള്ള സി.പി.എമ്മുകാരുടെ ഭാഷയാണ്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ചാണ് വര്‍ഗീയതക്കെതിരെ പോരാടുന്നത്. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. എന്നിട്ടും സി.പി.എം വിട്ടുപോകുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയെന്ന നിലപാട് കൈയ്യില്‍ വച്ചാല്‍ മതിയെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.