സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരെ കേസെടുത്തു; നടപടി കെ.ടി ജലീലിന്റെ പരാതിയിൽ
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ ആവശ്യത്തിൽ തുടർ നടപടി സ്വീകരിച്ച് പൊലീസ്. ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വപ്നക്ക് പുറമേ പി.സി.ജോർജും കേസിൽ പ്രതിയാണ്. 153, 120(ബി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജലീലിന്റെ പരാതിയിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. കേസ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
നേരത്തെ കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നതെന്ന് കെ.ടി ജലീൽ പറഞ്ഞിരുന്നു. അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നായിരുന്നു കെ.ടി ജലീലിന്റെ ആവശ്യം. നുണപ്രചാരണം നടത്തി കേരളത്തിന്റെ സ്ഥിരതയെ തകർക്കാനാണ് ശ്രമം. അടിസ്ഥാനരഹിതമായ ആരോപണമാണ് സ്വപ്ന നടത്തിയിരിക്കുന്നത്. ഒന്നര വർഷത്തോളം ജയിലിലായിരുന്നു സ്വപ്ന. അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികൾ പോലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ജലീൽ പറഞ്ഞിരുന്നു.
സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പി.സി ജോർജും ഇന്ന് പ്രതികരിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൈക്കാട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് കത്ത് എഴുതി നൽകിയതെന്ന് പി.സി ജോർജ് പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് തന്നെ കാണാൻ വന്നത്. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകി. കത്ത് വായിച്ചപ്പോൾ വിഷമം തോന്നിയെന്നും കത്തിൽ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്നും പി.സി ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.