തോക്കില്ലാതെ വെടിയുണ്ട കണ്ടെടുത്തതിന്റെ പേരിൽ കേസ് നിലനിൽക്കില്ല -ഹൈകോടതി
text_fieldsകൊച്ചി: തോക്കില്ലാതെ വെടിയുണ്ട മാത്രം കണ്ടെടുത്തതിന്റെ പേരിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി. ആയുധ നിയമപ്രകാരം ബോധപൂർവമല്ലാതെ തോക്ക് കൈവശം വെക്കുന്നതുപോലും കുറ്റമല്ലെന്നിരിക്കെ ബാഗിൽ കണ്ടെത്തിയ വെടിയുണ്ടയുടെ പേരിൽ കുറ്റം ചുമത്താനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
കണ്ണൂർ എയർപോർട്ടിൽ ബാഗ് പരിശോധനക്കിടെ ഒരു വെടിയുണ്ട പിടികൂടിയതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശി ശന്തനു യാദവ് റാവു ഹീരേക്കെതിരെ കേസെടുത്ത നടപടി റദ്ദാക്കിയാണ് ഉത്തരവ്.
തോക്കില്ലാതെ വെടിയുണ്ട കൈവശംവെച്ച വിമാനയാത്രക്കാരന്റെ നടപടി ആയുധ നിയമപ്രകാരം കുറ്റമല്ലെന്ന് കോടതി വിലയിരുത്തി. ഹരജിക്കാരന്റെ മകൾ കണ്ണൂരിൽ എയർ ഇന്ത്യയിലെ കമാൻഡന്റ് പൈലറ്റാണ്. മകളെ കണ്ടിട്ട് മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ എയർപോർട്ടിലെത്തിയപ്പോഴാണ് ശന്തനുവിന്റെ ബാഗിൽനിന്ന് ഒരു വെടിയുണ്ട കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ആയുധം ഉപയോഗിക്കാൻ ലൈസൻസുള്ള താൻ അറിഞ്ഞുകൊണ്ടല്ല വെടിയുണ്ട ബാഗിൽ സൂക്ഷിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും പൊലീസ് ആയുധ നിയമപ്രകാരം കേസെടുത്തു. മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ടും നൽകി. തുടർന്ന് ശന്തനു ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ആയുധ നിയമത്തിലെ സെക്ഷൻ 25 പ്രകാരം കുറ്റം ചുമത്തണമെങ്കിൽ പ്രതി ബോധപൂർവം ആയുധം കൈവശംവെച്ചതാകണം. അറിയാതെ ആയുധം കൈവശംവെച്ചാൽ കുറ്റം ചുമത്താനാവില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.