പിണറായി ഭരണത്തിൽ കേസെടുക്കലൊരു കോമഡിയായി മാറി; കള്ളക്കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ട -അലോഷ്യസ് സേവ്യർ
text_fieldsതിരുവനന്തപുരം: സ്വകാര്യ സർവകലാശാല വിഷയത്തിലെ പരാമർശത്തിന്‍റെ പേരിൽ പുഷ്പൻ നൽകിയ പരാതിയിൽ കേസെടുത്ത ആഭ്യന്തര വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു. പിണറായി ഭരണത്തിൽ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
വിമർശനം ഉന്നയിച്ചാൽ കള്ളക്കേസെടുത്ത് നിശബ്ദരാക്കി കളയാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപൊടിക്കാരന്‍റെ സ്വപ്നം മാത്രമായി അവശേഷിക്കും. സി.പി.എം കുറഞ്ഞപക്ഷം രക്തസാക്ഷികളോട് മാപ്പ് പറയാനെങ്കിലും തയാറാകണം.
കേരളത്തിന്‍റെ വിദ്യാഭാസ മേഖലയെ ബഹുദൂരം പിന്നോട്ടടിക്കുന്ന നയങ്ങളാണ് സി.പി.എം കാലാകാലങ്ങളായി സ്വീകരിച്ചു വരുന്നത്. തളളിപ്പറയാനും അത് തിരുത്തിപ്പറയാനും സി.പി.എമ്മിന് യാതൊരു മടിയുമില്ല എന്നതിന്‍റെ ഉദാഹരണമാണ് സ്വകാര്യ - വിദേശ സർവകലാശാല വിഷയത്തിലെ മലക്കം മറിച്ചിലെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
അലോഷ്യസ് സേവ്യറിനെതിരെ പൊലീസ് കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എം നിലപാടിനെ വിമർശിച്ച് 'ഉരുണ്ട ഭൂമിയിലിങ്ങനെ ഉരുണ്ടു കളിക്കുന്ന ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ' എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കുറിപ്പിൽ ഉന്നത വിദ്യാഭ്യാസ കമീഷണറായിരുന്ന ടി.പി. ശ്രീനിവാസനെ കുറിച്ചും പുഷ്പനെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
'രാഷ്ട്രീയ നാടകങ്ങൾക്കായ് നിങ്ങൾ രക്തസാക്ഷികളാക്കി തീർത്തവരോടും ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങൾ കാണിച്ച നീതികേട് കാലം ഓർത്തിരിക്കും.
പുഷ്പനെ അറിയാമോ?
ഞങ്ങടെ പുഷ്പനെ അറിയാമോ?
ആ വരികൾ വലിയ ചോദ്യത്തിലേക്കാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. പുഷ്പനെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കുക. പുഷ്പന് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്ന ഒരു കാലം വരുമെങ്കിൽ ആദ്യം ആ മനുഷ്യൻ ചെയ്യുക നിങ്ങടെ കവിളിൽ നോക്കി ആഞ്ഞൊരു അടി തരിക തന്നെയാവും' എന്ന ഭാഗമാണ് പുഷ്പനെ കുറിച്ച് പരാമർശിച്ച് സി.പി.എമ്മിനെ വിമർശിച്ചിരിക്കുന്നത്.
നേരത്തെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിമർശനം ഉന്നയിച്ചതിന്‍റെ പേരിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.