പുതുക്കിയ യൂനിഫോം നന്നായി ധരിക്കുന്നവർക്ക് കാഷ് പ്രൈസ്; ലക്ഷദ്വീപ് ഭരണകൂടത്തിന്റേത് ഹിജാബ് ഒഴിവാക്കാനുള്ള തന്ത്രമെന്ന് ആക്ഷേപം
text_fieldsകൊച്ചി: പുതുതായി അവതരിപ്പിച്ച സ്കൂൾ യൂനിഫോമിനെതിരെ ജനങ്ങളുടെ പ്രതിഷേധം തുടരുമ്പോൾ, മികച്ച രീതിയിൽ യൂനിഫോം ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് കാഷ് പ്രൈസ് നൽകുമെന്ന പ്രഖ്യാപനവുമായി ലക്ഷദ്വീപ് ഭരണകൂടം. പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നിങ്ങനെ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ബെസ്റ്റ് യൂനിഫോം വെയറിങ് പുരസ്കാരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഓരോ സ്‌കൂളിലും ഈ വിഭാഗങ്ങളിൽ പഠിക്കുന്ന ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് ഓരോ മാസവും 500 രൂപ വീതം അവാർഡ്. വിജയിയെ കണ്ടെത്താനുള്ള ചുമതല പ്രധാനാധ്യാപകർക്കാണ്.
അഡ്മിനിസ്ട്രേഷൻ പരിഷ്കരിച്ച് പുറത്തിറക്കിയ യൂനിഫോമിനെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയർന്നിരിക്കുന്നത്. പെൺകുട്ടികളുടെ ഹിജാബ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് യൂനിഫോം പരിഷ്കരണം നടപ്പാക്കിയതെന്ന ആരോപണമാണ് രക്ഷിതാക്കളടക്കം ഉയർത്തിയത്. ഏത് വിധത്തിലായിരിക്കണം യൂനിഫോം എന്ന് വിശദീകരിക്കുന്ന അഡ്മിനിസ്ട്രേഷന്‍റെ ഉത്തരവിൽ ഹിജാബ് പരാമർശിക്കുന്നില്ല.
ഹിജാബ് ധരിക്കരുത് എന്ന് പറയുന്നില്ലെങ്കിലും, നിർദേശിക്കപ്പെട്ടതല്ലാതെ മറ്റൊന്നും യൂനിഫോമിൽ ഉണ്ടാകരുതെന്ന് അധികൃതർ കർശനമായി ആവശ്യപ്പെടുന്നുണ്ട്. നിർദേശം പൂർണമായി തള്ളുന്ന നിലപാടാണ് ലക്ഷദ്വീപിലെ വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത്. ഇതിനിടെ ഉത്തരവ് കർശനമായി നടപ്പാക്കാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അഡ്മിനിസ്ട്രേഷൻ വീണ്ടും നിർദേശം നൽകിയിരുന്നു. അഡ്മിനിസ്ട്രേഷൻ നിർദേശിച്ച യൂനിഫോം കൃത്യമായി ധരിക്കാത്ത വിദ്യാർഥികൾക്ക് പ്രധാന അധ്യാപകർ മുന്നറിയിപ്പ് നൽകണമെന്നും വീണ്ടും ആവർത്തിച്ചാൽ സ്കൂളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്നും നിർദേശമുണ്ടായിരുന്നു. ഹിജാബ് ഒഴിവാക്കാനുള്ള പുതിയ തന്ത്രമാണ് കാഷ് പ്രൈസ് പ്രഖ്യാപനമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പണം സമ്മാനമായി നൽകുമെന്ന വാഗ്ദാനം കേട്ട് വിശ്വാസത്തിന്‍റെ ഭാഗമായി ഹിജാബ് ധരിക്കുന്നതിൽനിന്ന് പിന്മാറാൻ വിദ്യാർഥികൾ തയാറാകില്ലെന്ന് ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഈ ഫാഷിസ്റ്റ് അജണ്ടയെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ദ്വീപ് ജനത എതിർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. യൂനിഫോം ധരിക്കുന്നവർക്കുള്ള 500 രൂപ പാരിതോഷികമല്ല, കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകയാണ് വിദ്യാർഥികൾക്ക് നൽകേണ്ടതെന്ന് എൻ.എസ്.യു ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അജാസ് അക്ബർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.