ജാതി സെൻസസ്: പ്രക്ഷോഭത്തിന്റെ നേതൃപദവി ഒഴിഞ്ഞ് ‘സമസ്ത’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി-വർഗ സംഘടനകൾ ചേർന്ന് രൂപം നൽകിയ ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് സമസ്ത നേതാവ് പിന്മാറി. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്.
സംസ്ഥാന സർക്കാറിനെതിരെ ചൊവ്വയും ബുധനും സെക്രട്ടേറിയറ്റിന് മുന്നിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 50ഓളം സംഘടനകളെ അണിനിരത്തി രാപകൽ സമരം നടത്തുന്നുണ്ട്. സർക്കാറിനെതിരായ സമരത്തിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് സമസ്ത നേതൃത്വം നിർദേശം നൽകിയതിനെ തുടർന്നാണ് പൂക്കോട്ടൂരിന്റെ പിന്മാറ്റമെന്നാണ് വിവരം.
പകരം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയെ ആക്ഷൻ കൗൺസിലിന്റെ ചെയർമാനാക്കിയിട്ടുണ്ട്. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറാണ് ആക്ഷൻ കൗൺസിലിന്റെ ജനറൽ കൺവീനർ.
രാപകൽ സമരം കൊണ്ടും ഫലം കണ്ടില്ലെങ്കിൽ സമരമുഖത്ത് യോഗം ചേർന്ന് തുടർപ്രക്ഷോഭത്തിന് രൂപം നൽകാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് യോഗം ചേർന്നാണ് ജാതി സെൻസസ് വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പിന്നാക്ക, ന്യൂനപക്ഷ സംഘടനകൾ പൊതുവേദി രൂപവത്കരിച്ച് സമരത്തിനിറങ്ങാൻ തീരുമാനിച്ചത്.
നേരത്തേ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളുടെ ഐക്യവേദി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽനിന്ന് സമസ്ത പിന്മാറിയിരുന്നു. ബിഹാർ ഉൾപ്പെടെ സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്തിയിട്ടും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി വരട്ടെയെന്നും അതിനു ശേഷം തീരുമാനമെടുക്കാമെന്നുമാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയത്.
ജാതി സെൻസസ് നടത്തുന്നതിന് സംസ്ഥാനങ്ങൾക്ക് മുന്നിൽ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനിറങ്ങിയത്. രാപകൽ സമരം ചൊവ്വാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ചെയർമാൻ ഡോ.ജി. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.