ജനസംഖ്യാനുപാതികമായി സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ജാതി സെൻസസ് നടത്തണം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സംവരണാനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുടേയും സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്താൻ സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി ചിറയിൻകീഴ്- ആറ്റിങ്ങൽ- വർക്കല മണ്ഡലങ്ങളുടെ സംയുക്ത നേതൃ സംഗമം തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.
സംവരണ ശതമാനം സംബന്ധിച്ചും സംവരണം ആവശ്യപ്പെട്ടും മുറവിളി കൂട്ടുന്ന എല്ലാ സമുദായങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇത്തരമൊരു സെൻസസ് അനിവാര്യമാണ്. സംവരണമെന്നത് എല്ലാ മേഖലയിലും പ്രാധിനിത്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ്. ദാരിദ്ര്യം മാറ്റാനുള്ള ഉപാധിയല്ല.
പിന്നാക്ക വിഭാഗമെന്നത് ഒരു ജാതിയല്ല. പാർശ്വവത്കരിക്കപ്പെട്ടവരും അധികാരത്തിൽ അർഹമായ പ്രാതിനിധ്യമില്ലാത്തവരുമായ എല്ലാ വിഭാഗവും ഉൾപ്പെടുന്നതാണ്. ചെറിയ മുന്നാക്ക വിഭാഗം ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തെ ഭരിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ബഹുഭൂരിപക്ഷം ജനത അവകാശങ്ങൾക്കായി യാചിക്കേണ്ട സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ജില്ലാ പ്രസിഡൻ്റ് അഷ്റഫ് കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. അഷ്റഫ് ആറ്റിങ്ങൽ അധ്യക്ഷത വഹിച്ചു. വർക്കല മണ്ഡലം പ്രസിഡൻ്റ് സബീൽ സവാദ് സ്വാഗതവും, സലീം പെരുമാതുറ നന്ദിയും പറഞ്ഞു. സമാപനം ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനസ് ബഷീർ നിർവഹിച്ചു. അംജദ് റഹ്മാൻ, ഫൈസൽ, ജാസിൻ എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.